
ഹൈദരാബാദ്: 72-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥ്യമരുളാൻ ഒരുങ്ങുകയാണ് തെലങ്കാന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും സൗന്ദര്യ മത്സരത്തിനായി വകയിരുത്തിയ തുകയെ ചൊല്ലി രേവന്ത് റെഡ്ഡി സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. മിസ് വേൾഡ് മത്സരത്തിന് 200 കോടി അനുവദിച്ചപ്പോൾ ഫോർമുല-ഇ റേസ് ഇവന്റിനായി 46 കോടി സർക്കാർ ചെലവഴിച്ചെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു ആരോപിച്ചു.
സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനും അടിസ്ഥാന ചെലവുകൾ വഹിക്കാനും പാടുപെടുന്ന സാഹചര്യത്തിലും രേവന്ത് റെഡ്ഡി സർക്കാർ സൌന്ദര്യ മത്സരത്തിന് ഭീമമായ തുക അനുവദിച്ചു എന്നാണ് പ്രതിപക്ഷ ആരോപണം. 71,000 കോടി രൂപയുടെ ധനകമ്മിയുള്ള സമയത്ത്, വികസന പദ്ധതികൾക്ക് പോലും പണമില്ലാത്ത സമയത്താണ് ഇത്രയും ഭീമമായ തുക അനുവദിച്ചത് എന്നാണ് ആരോപണം.
നികുതിദായകരുടെ പണം സൗന്ദര്യ മത്സരത്തിനായി ചെലവഴിക്കുന്ന കോണ്ഗ്രസ് സർക്കാരിന്റെ യുക്തിയെ കുറിച്ച് വിശദീകരിക്കണമെന്ന് കെടിആർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിലും ഇക്കാര്യം ചർച്ചയായി. സൗന്ദര്യ മത്സരത്തിനായി നീക്കിവച്ചിരിക്കുന്ന പണം കർഷകർക്കായി ചെലവഴിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഏക്കറിന് 25,000 രൂപ വീതം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം തെലങ്കാനയെ പാപ്പരാക്കിയത് മുൻ സർക്കാരാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരിച്ചടിച്ചു. ബിആർഎസ് ആണ് സംസ്ഥാനത്തെ കടത്തിലേക്ക് തള്ളിവിട്ടതെന്നും പ്രതിമാസം 1.53 ലക്ഷം കോടി രൂപപലിശ നൽകേണ്ടിവരുന്നുവെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.
മെയ് 7 മുതൽ മെയ് 31 വരെ ഹൈദരാബാദിൽ നടക്കാനിരിക്കുന്ന 72-ാമത് മിസ് വേൾഡ് മത്സരത്തിനായി 200 കോടി രൂപ ചെലവഴിക്കുന്നുവെന്ന ആരോപണം സർക്കാർ നിഷേധിച്ചു. ഷോയുടെ പകുതി ചെലവായ 27 കോടി രൂപയാണ് സർക്കാർ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ടൂറിസം, സാംസ്കാരികം, പൈതൃകം, യുവജനകാര്യ വകുപ്പ് സെക്രട്ടറി സ്മിത സബർവാൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]