
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകുമ്പോൾ സമൂഹം ഉത്തരവാദിത്തം കാട്ടണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഉത്തരവാദിത്ത ബോധമില്ലാതെ മാലിന്യം വലിച്ചെറിയുന്ന സമീപനത്തിനും മനോഭാവത്തിനും മാറ്റം ഉണ്ടാകണം. ഇക്കാര്യത്തിൽ അലംഭാവം കാട്ടിയാൽ പിഴയും ശിക്ഷയുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത ഹരിത എക്സൈസ് ഓഫീസ് തീവ്രയത്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എക്സൈസ് ആസ്ഥാനത്ത് നിർവഹിച്ച് സംസാരിക്കുകമായിരുന്നു അദ്ദേഹം.
ദേശീയ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിലുള്ള പരിശ്രമങ്ങളാണ് നടന്നുവരുന്നത്. മാലിന്യമുക്ത നവകേരളം ക്യാമ്പയിൽ ആരംഭിച്ചതിനുശേഷം കഴിഞ്ഞ ഒന്നര വർഷമായി ഒട്ടനവധി മാറ്റങ്ങളുണ്ടായി. ഹരിതകർമസേനയുടെ വാതിൽപ്പടി മാലിന്യശേഖരണം 47 ൽ നിന്നും 90 ശതമാനായി വർദ്ധിച്ചു. വാർഡ് തലങ്ങളിലെ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകളുടെ എണ്ണം 7400 ൽ നിന്നും 19600 ആയി. മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള അത്യാധുനിക സജീകരണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകളെ മാലിന്യ മുക്തമാക്കുന്നതിൽ മികച്ച ഫലമുണ്ടായിട്ടുണ്ട്. കോളേജുകൾ, പൊതു സ്ഥലങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിൽ വലിയമാറ്റങ്ങൾ ഇതിനോടകം ഉണ്ടായി. മാലിന്യ നിർമാർജനത്തിൽ അൽപം പിന്നിൽ നിൽക്കുന്ന 182 തദ്ദേശ സ്ഥാപനങ്ങളെക്കൂടി മുന്നിലെത്തിക്കുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകിവരുന്നതായും മന്ത്രി അറിയിച്ചു.
ആന്റണി രാജു എംഎൽഎ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പാളയം രാജൻ, എഡിജിപിയും എക്സൈസ് കമ്മീഷണറുമായ മഹിപാൽ യാദവ്, അഡ്മിനിസ്ട്രേഷൻ അഡീഷണൽ എക്സൈസ് കമ്മീഷണർ കെ എസ് ഗോപകുമാർ, എൻഫോഴ്സ്മെന്റ് അഡീഷണൽ എക്സൈസ് കമ്മീഷണർ വിക്രമൻ പി, ഐഎഡബ്ല്യു ജോയിന്റ് എക്സൈസ് കമ്മീഷണർ ബി രാധാകൃഷ്ണൻ, കെഎസ്ഇഒഎ സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻകുമാർ, കെഎസ്ഇഎസ്എ സംസ്ഥാന പ്രസിഡന്റ് റ്റി സജുകുമാർ എന്നിവർ സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]