
വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ ആന്ധ്ര പ്രദേശ് – കേരളം മത്സരം സമനിലയില്‍ അവസാനിച്ചു. ആന്ധ്ര ഒന്നാം ഇന്നിംഗ്സില്‍ 272 റണ്‍സാണ് നേടിയത്. ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ കേരളം ഏഴിന് 514 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 242 റണ്‍സിന്റെ ലീഡാണ് കേരളം നേടിയിരുന്നത്. അക്ഷയ് ചന്ദ്രന് (184), സച്ചിന് ബേബി (113) എന്നിവരുടെ ഇന്നിംഗ്സാണ് കേരളത്തെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പിന്നീട് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്ര ഒമ്പതിന് 189 എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബേസില്‍ തമ്പി, ബേസില്‍ എന്‍ പി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒരു ജയമാണ് കേരളം നേടിയത്. കേരളം നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തു.
തകര്‍ച്ചയോടെയാണ് ആന്ധ്ര തുടങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു അവര്‍. രേവന്ദ് റെഡ്ഡി (5), മഹീഹ് കുമാര്‍ (13), റിക്കി ബുയി എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് അശ്വിന് ഹെബ്ബാര്‍ (72) – കരണ്‍ ഷിന്‍ഡെ (26) സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഷിന്‍ഡെയെ പുറത്താക്കി ബേസില്‍ എന്‍ പി കേരളത്തിന് ബ്രേക്ക് ത്രൂ നല്കി. ഹെബ്ബാറിനെ ബേസില്‍ തമ്പിയും മടക്കിയയച്ചു. ഹനുമ വിഹാരി (5) അല്പനേരം പിടിച്ചുനിന്നെങ്കിലും കാര്യമുണ്ടായില്ല.
അവസാനമെത്തിയ ഷെയ്ഖ് റഷീദ് (36) ബേസില്‍ തമ്പിയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ഏഴിന് 166ലേക്ക് പതിച്ചു ആന്ധ്ര. എന്നാല്‍ ഷോയ്ബ് മുഹമ്മദ് ഖാന് (93 പന്തില്‍ 11) ഒരറ്റത്ത് ഉറച്ചുനിന്നതോടെ ആന്ധ്ര സമനില പിടിച്ചുവാങ്ങി. ഗിരിനാഥ് റെഡ്ഡി (0), മനീഷ് ഗോല്‍മാരു (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാജു (0) അവസാന ഘട്ടത്തില്‍ പിടിച്ചുനിന്നു.
സച്ചിന് ബേബിക്കും അക്ഷയ് ചന്ദ്രനും പുറമെ സല്മാന് നിസാറും(58), മുഹമ്മദ് അസ്ഹ്റുദ്ദീന്‍ (41 പന്തില്‍ 40) എന്നിവരും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി. ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി. നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
Last Updated Feb 19, 2024, 5:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]