കൊച്ചി: ചേന്ദമംഗലം കൊലപാതകത്തിൽ ജനരോഷം രൂക്ഷമായതോടെ പ്രതിയെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് പൊലീസിന് വെല്ലുവിളിയായി. പ്രതി ഋതു ജയന്റെ വീട് ഇന്നലെ വൈകിട്ട് ഒരു കൂട്ടം ജനങ്ങൾ ചേർന്ന് അടിച്ച് തകർത്തിരുന്നു. ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരവൂർ കോടതി പരിഗണിക്കും. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. ഇത് അനുവദിച്ചാൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്.
ഋതുവിനെതിരെ ജനരോഷമുള്ളതിനാൽ പൊലീസ് സാന്നിദ്ധ്യവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. നേരത്തേ, പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ജനങ്ങൾ ഇയാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് ഋതുവിന്റെ വീട് ആക്രമിച്ചത്. ജനാലകൾ ഉൾപ്പെടെ തകർത്തു. സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ഋതുവിന്റെ മാതാപിതാക്കൾ ബന്ധുവീട്ടിലേക്ക് മാറി.
കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസി ഋതു ജയൻ (28) വീട്ടിൽക്കയറി അടിച്ചുകൊന്നത്. വിനീഷയുടെ ഭർത്താവ് ജതിൻ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അയൽക്കാരായ ഇവർ തമ്മിൽ നിലവിലുള്ള തർക്കങ്ങൾക്ക് പിന്നാലെ ഋതു വീട്ടിലെത്തി കമ്പിവടി കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ലഹരി ഉപയോഗിച്ചിരുന്നു എന്നും തുടക്കത്തിൽ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പൊലീസ് നിഷേധിച്ചു. ജിതിനെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയപ്പോൾ മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്.