തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച് പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചില്ല. മരണക്കിടക്കയിൽ പോലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചു. മരണ മൊഴിയിൽ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും ജഡ്ജി വ്യക്തമാക്കി. ജ്യൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീഡിയോ ചിത്രീകരിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോൺ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നൽകിയത്. ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് പറഞ്ഞാണ് പ്രതി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പതിനൊന്ന് ദിവസം ഒരു തുള്ളി വെള്ളം പോലും ഇറങ്ങാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. എന്നിട്ടും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. പക്ഷേ മരിച്ചിട്ടും ഷാരോണിനെ വ്യക്തിഹത്യ ചെയ്യാനാണ് ഗ്രീഷ്മ ശ്രമിച്ചത്. പിടിച്ചുനിൽക്കാനുള്ള പ്രതിയുടെ കൗശലം വിജയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണത്തെ വഴിതിരിക്കാനായിരുന്നു ഗ്രീഷ്മയുടെ ആത്മഹ്യാശ്രമം. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ട്. ഘട്ടം ഘട്ടമായി കൊല്ലാൻ ലക്ഷ്യമിട്ടു. ആസൂത്രിത കൊലപാതകമാണ് നടത്തിയത്. പരമാവധി ശിക്ഷ നൽകരുതെന്ന നിയമ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി മുറിയിൽ എത്തിയതിന് പിന്നാലെ ഗ്രീഷ്മ കരഞ്ഞിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തിയിരുന്നു. കോടതി മുറിയിൽ അഭിഭാഷകർക്കൊപ്പം അജ്ഞാതൻ എത്തിയിരുന്നു. ഇയാളെ പൊലീസ് ഇടപെട്ട് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ കുറ്റങ്ങൾ തെ ളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടിരുന്നു.
പിന്നാലെ ഗ്രീഷ്മയുടെ ജാമ്യം റദ്ദാക്കി അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് ഗ്രീഷ്മയെ കോടതിയിൽ എത്തിച്ചത്.
2022 ഒക്ടോബർ 14നാണ് ഗ്രീഷ്മ , പാറശ്ശാലമുര്യങ്കര ജെ.പി ഹൗസിൽ ഷാരോൺ രാജിന് (23) കഷായത്തിൽ വിഷം കലർത്തി നൽകിയത്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസമാകുമെന്ന് കണ്ടാണ് ഷാരോണിനെ വധിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് അമ്മയും അമ്മാവനും ഒത്താശ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കളനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നൽകിയത് നിർമലകുമാരൻ നായരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022 ഒക്ടോബർ 25നായിരുന്നു ഷാരോണിന്റെ മരണം. തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി. ശില്പയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം നടന്നത്. ഡിജിറ്റൽ,ഫോറൻസിക്ക്,ശാസ്ത്രീയ തെളിവുകളും നിർണായകമായി.
കഴിഞ്ഞ ഒക്ടോബർ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.വിനീത്കുമാർ, അഡ്വക്കേറ്റുമാരായ അൽഫാസ് മഠത്തിൽ, നവനീത്കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. ശാസ്തമംഗലം അജിത്ത്കുമാറാണ് പ്രതിഭാഗം അഭിഭാഷകൻ.
ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണെന്നും വധശിക്ഷ നൽകണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചറിച്ചു. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ അഭ്യർത്ഥിച്ചു.
ഇനിയും പഠിക്കണം. 24 വയസേയുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു. എം.എ സർട്ടിഫിക്കറ്റും,മാർക്ക് ലിസ്റ്റും ഹാജരാക്കുകയും ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാന വർഷ ബി.എസ്സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു ഷാരോൺ രാജ്.