തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ദിവസമായ വെള്ളിയാഴ്ച ഇൻസൈഡ് ദി വുൾഫ്, റിവർസ്റ്റോൺ എന്നിവ ഉൾപ്പെടെ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പലസ്തീൻ സിനിമ വിഭാഗത്തിൽ ഷായ് കർമ്മേലി പൊള്ളാക്കിന്റെ ‘ദി സീ’, കടൽ കാണാൻ ആഗ്രഹിക്കുന്ന 12 വയസുകാരന്റെ കഥയാണ്.
രാവിലെ 9.30ന് കൈരളി തിയറ്ററിലാണ് സിനിമ. 98ാമത് ഓസ്കറിന് ഇസ്രായേലി എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട
ചിത്രമാണിത്. ലോക സിനിമ വിഭാഗത്തിൽ, വിവാഹബന്ധം വേർപെടുത്തിയ അമ്മയുടെയും അവരുടെ കുട്ടികളുടെയും കഥ പറയുന്ന, ജോക്കിം ലാഫോസ് സംവിധാനം ചെയ്ത ‘സിക്സ് ഡേയ്സ് ഇൻ സ്പ്രിങ്’ ഉച്ച 12 ന് കൈരളിയിൽ പ്രദർശിപ്പിക്കും.
സുസന്ന മിർഘാനി സംവിധാനം ചെയ്ത ‘കോട്ടൺ ക്യൂൻ’, കാർല സിമോൺ സംവിധാനം ചെയ്ത ‘റൊമേറിയ’, ഷാങ്ങ് ലു സംവിധാനം ചെയ്ത ‘ഗ്ലോമിംഗ് ഇൻ ലുവോമു’, ലലിത് രത്നായകെ സംവിധാനം ചെയ്ത ‘റിവർ സ്റ്റോൺ’, ലിസ്ബൺ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ ക്രിസ്റ്റ്യൻ പെറ്റ്സോൾഡിന്റെ ചിത്രം ‘മിറേഴ്സ് നമ്പർ 3’ എന്നിവയും നാളെ പ്രദർശിപ്പിക്കുന്നവയിൽ ഉൾപ്പെടും. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകൻ അബ്ദെർറഹ്മാൻ സിസ്സാക്കോയുടെ ശ്രദ്ധേയ ചിത്രം ‘വെയ്റ്റിംഗ് ഫോർ ഹാപ്പിനസ്’, കാൻ ചലച്ചിത്രോത്സവത്തിന്റെ 50-ാമത് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ യൂസഫ് ഷഹീന്റെ പ്രശസ്ത ചിത്രം ‘കയ്റോ സ്റ്റേഷൻ’, വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികം അനുസ്മരിച്ച് ഈ വർഷത്തെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രിൻ ദിൻ ലെ മിൻ സംവിധാനം ചെയ്ത ‘വൺസ് അപ്പോൺ എ ലവ് സ്റ്റോറി’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ, പെറു സംവിധായകൻ ഫ്രാൻസിസ്കോ ജെ ലൊംബാർഡിയുടെ ‘ഇൻസൈഡ് ദി വുൾഫ്’ എന്നിവയും നാളത്തെ പട്ടികയിലുണ്ട്.
വൈകിട്ട് 6 മണിയോടെ സമാപന ചടങ്ങുകൾ നിശാഗന്ധിയിൽ നടക്കും. തുടർന്ന് സുവർണ ചകോരം നേടിയ സിനിമ പ്രദർശിപ്പിക്കും.
മുപ്പതാം എഡിഷനിൽ അസാധാരണമായ വിലക്കും പ്രതിഷേധവും ഒടുവിൽ കീഴടങ്ങലും കണ്ട മേളയാണ് കൊടിയിറങ്ങുന്നത്.
ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെ ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

