
ഭോപ്പാൽ: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ഛായാചിത്രം നിയമസഭയിൽ നിന്ന് നീക്കി മധ്യപ്രദേശ് സർക്കാർ. നെഹ്റുവിന് പകരം അംബേദ്കറുടെ ചിത്രമാണ് സ്ഥാപിച്ചത്. പുതിയ ബിജെപി സർക്കാർ തിങ്കളാഴ്ച ആദ്യ നിയമസഭാ സമ്മേളനം വിളിച്ചു. സ്പീക്കറുടെ കസേരക്ക് പിന്നിൽ മഹാത്മാ ഗാന്ധിയുടെയും നെഹ്രുവിന്റെയും ഛായാചിത്രമായിരുന്നു സ്ഥാപിച്ചത്. ഇതിൽ നെഹ്റുവിന്റെ ചിത്രം മാറ്റി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. നെഹ്റുവിന്റെ ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി.
നിയമസഭാ ഹാളിൽ നിന്ന് നെഹ്റുവിന്റെ ഫോട്ടോ നീക്കം ചെയ്ത നടപടിയെ അപലപിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് എക്സിൽ (മുൻ ട്വിറ്റർ) പോസ്റ്റ് ചെയ്തു. ബിജെപി അധികാരത്തിലിരിക്കുന്നത് രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. ചരിത്രം മായ്ക്കാൻ ബിജെപി അഹോരാത്രം പ്രയത്നിക്കുന്നു. പതിറ്റാണ്ടുകളായി നിയമസഭയിൽ തൂക്കിയിട്ടിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം യഥാസ്ഥാനത്ത് സ്ഥാപിച്ചില്ലെങ്കിൽ കോൺഗ്രസ് സ്ഥാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിയമസഭയുടെ ആദ്യ സമ്മേളനം നാല് ദിവസമായിരിക്കും നടക്കുക. പ്രോടേം സ്പീക്കർ ഗോപാൽ ഭാർഗവ പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് ആരംഭിച്ചത്. ഗന്ധ്വാനി സീറ്റിൽ വിജയിച്ച കോൺഗ്രസിന്റെ ഉമംഗ് സിങ്കാറിനെ പ്രതിപക്ഷ നേതാവായി പാർട്ടി തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തോടെ മധ്യപ്രദേശിൽ ബിജെപി ഭരണം നിലനിർത്തി. 230-ൽ 163 സീറ്റുകൾ പാർട്ടി നേടി. അട്ടിമറി പ്രതീക്ഷയുണ്ടായിരുന്ന കോൺഗ്രസിന് കഴിഞ്ഞ തവണത്തേക്കാൾ 48 സീറ്റുകൾ കുറഞ്ഞ് 66 സീറ്റിൽ ഒതുങ്ങി.
Last Updated Dec 19, 2023, 2:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]