
2020 മുതല്‍ ക്രിസ്മസ് ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി മലേഷ്യ. ഇതോടെ മൂന്ന് വര്‍ഷമായി മലേഷ്യയിലെ ഹലാല്‍ ബേക്കറികളില്‍ നിന്നും വിട്ടുനിന്നിരുന്ന ആശംസകളെഴുതിയ ക്രിസ്മസ് കേക്കുകള്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തി. 2020 ലാണ് ഇസ്ലാമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് മലേഷ്യ, മുസ്ലിം ഇതര മതവിശ്വാസികളുടെ ഉത്സവ ആശംസകളോടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പൊതു പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയത്. ഈ നിരോധനമാണ് ഇപ്പോള്‍ നീക്കിയതെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ബേക്കറികള്‍ക്ക് കേക്കുകളിലോ സമാന ഭക്ഷ്യവസ്തുക്കളിലോ ഉത്സവ ആശംസകൾ എഴുതുന്നതിന് ഇനി നിയന്ത്രണമില്ലെന്നും ഇസ്ലാമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് ഓഫ് മലേഷ്യ ഇന്നലെ പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു. ഇതോടെ മലേഷ്യയിലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ബേക്കറികള്‍ക്ക് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സാധിക്കും.
കഴിഞ്ഞ ക്രിസ്മസിന് ഉപഭോക്താക്കള്‍ ‘മേരി ക്രിസ്മസ്’ എന്നെഴുതിയ കേക്കുകള്‍ ആവശ്യപ്പെട്ടപ്പോള്‍, തങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമാകുമെന്ന ഭയത്താല്‍ ബേക്കറി വ്യാപാരികള്‍ അത്തരം ആവശ്യങ്ങളെ അവഗണിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നിരോധനം നീക്കിയത് മുതല്‍ ഇനി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതരത്തില്‍ ആശംസകള്‍ എഴുതാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം ആശംസകളെഴുതിയ കേക്കുകളോ മറ്റ് ബേക്കറി ഉത്പന്നങ്ങളോ ബേക്കറിയില്‍ പൊതു പ്രദര്‍ശിപ്പിക്കുന്നതിന് വയ്ക്കുന്നതിന് അനുമതിയുണ്ടോ എന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേക്കുകളിൽ ഉത്സവ സന്ദേശങ്ങൾ എഴുതുന്നത് ‘ഹറാം’ ആണെന്നോ അതല്ലെങ്കില്‍ ഇസ്ലാം ഇത്തരം കാര്യങ്ങളില്‍ നിരോധന മേര്പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പ്രീമിയർ ഓഫ് സരാവക് അബംഗ് ജോഹാരി തുന്‍ ഓപെങ് പറഞ്ഞു. നിരോധനത്തെ നേരത്തെ തന്നെ വിഡ്ഢിത്തം എന്നാണ് അബംഗ് ജോഹാരി വിശേഷിപ്പിച്ചത്. ‘ക്രിസ്മസ് കേക്കില്‍ മേരി ക്രിസ്മസ് എന്ന് എഴുതുന്നത് ഒരു പ്രശ്നമാണെന്ന് ഞാന്‍ പത്രങ്ങളില്‍ വായിച്ചു. അത് മണ്ടത്തരമാണ്. ഒരു കേക്കില്‍ മേരി ക്രിസ്മമസ് എന്ന് എഴുതുന്നതില്‍ എന്താണ് തെറ്റ്. അത് ഹറാമല്ല.’ അദ്ദേഹം കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞതായി സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രശ്നങ്ങളില്‍ ഭാഗഭക്കാകരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം, ‘ഇതു കൊണ്ടാണ് ഞങ്ങള്‍ ബാരിസാൻ നാഷണൽ വിട്ട് ഗബുംഗൻ പാർട്ടി സരവാക് (ജിപിഎസ്) രൂപീകരിച്ചതെന്നും തങ്ങള്‍ക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.
Last Updated Dec 19, 2023, 1:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]