
ക്രെഡിറ്റ് സ്കോർ എന്നത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ്, അല്ലെങ്കിൽ കടം തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ അത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബിൽ), എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണവ. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രെഡിറ്റ് സ്കോർ സിബിൽ റേറ്റിംഗ് ആണ്. സിബിൽ ക്രെഡിറ്റ് സ്കോർ മൂന്നക്ക സംഖ്യയാണ്, അത് 300 മുതൽ 900 വരെയാണ്, 900 ആണ് മികച്ച സ്കോർ. നിങ്ങൾ വായ്പക്ക് യോഗ്യനാണോ എന്ന് വിലയിരുത്താൻ ബാങ്കുകളും വായ്പ നൽകുന്ന സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോറുകൾ ഉപയോഗിക്കുന്നു. ക്രെഡിറ്റ് സ്കോർ എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം ലോൺ അംഗീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കുറഞ്ഞ പലിശ നിരക്കുകൾ, ലളിതമായ തിരിച്ചടവ് നിബന്ധനകൾ, വേഗത്തിലുള്ള ലോൺ അപ്രൂവൽ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകൾ വൈകുകയോ, പേയ്മെന്റ് നടത്താതിരിക്കുകയോ ചെയ്യുന്നത് മോശം ക്രെഡിറ്റ് സ്കോറിനുള്ള പ്രധാന കാരണമാണ്. പേയ്മെന്റ് തീയതിയിൽ ഒരു ഓട്ടോ ഡെബിറ്റ് സജ്ജീകരിക്കുകയോ ഫോണിൽ ഒരു റിമൈൻഡർ സജ്ജീകരിക്കുകയോ ആണ് പെട്ടെന്നുള്ള പരിഹാരം. പരിഗണിക്കേണ്ട മറ്റൊരു ഘടകം ഒരാളുടെ ക്രെഡിറ്റ് ലിമിറ്റ് എത്രത്തോളം ഉപയോഗിച്ചു എന്നതാണ്. ചെലവുകൾ ഒഴിവാക്കുന്നത് ഇതിനുള്ള ഒരു പരിഹാരമാണ്. അതുപോലെ, ഒരാൾ ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് വായ്പ തേടുകയാണെങ്കിൽ, അത് അവരുടെ സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നത് പലപ്പോഴും പേയ്മെന്റ് മറന്നുപോകുന്നതിനോ, കുടിശികയാകാനോ വഴിവയ്ക്കും. ഇക്കാര്യത്തിലും അതീവ ശ്രദ്ധ വേണം.
അതേ സമയം കടങ്ങളില്ലാത്തതും ക്രെഡിറ്റ് സ്കോർ ഉയരുന്നതിന് സഹായിക്കില്ല, കാരണം വായ്പകളോ ക്രെഡിറ്റ് കാർഡ് തിരിച്ചടവോ എടുത്ത് കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നതിലൂടെ മാത്രമേ ഒരു മികച്ച ക്രെഡിറ്റ് ട്രാക്ക് റെക്കോർഡ് സൃഷ്ടിക്കപ്പെടുകയുള്ളൂ.
ഉയർന്ന ക്രെഡിറ്റ് സ്കോറുകളുള്ള അപേക്ഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കാം. പലിശ നിരക്കിൽ കാൽ ശതമാനം കുറവ് പോലും ഒരാളുടെ ഇഎംഐയെ വലിയ തോതിൽ സ്വാധീനിക്കും എന്നുള്ളത് ശ്രദ്ധിക്കണം. ഒരാൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ക്രെഡിറ്റ് കാർഡുകൾ ചെലവ് പരിധി ഉയർത്തി നൽകുകയും ചെയ്യും.
Last Updated Dec 18, 2023, 6:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]