നേപ്പിയര്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് 248 റൺസ് വിജയലക്ഷ്യം. മഴമൂലം 34 ഓവറായി ചുരുക്കിയ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ ഓപ്പണർ ഷായ് ഹോപ്പിന്റെ (69 പന്തിൽ 109) തകർപ്പൻ സെഞ്ചുറിയാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഹോപ്പിനൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 247 റൺസെടുത്തത്.
ന്യൂസിലൻഡിനായി നതാൻ സ്മിത്ത് നാലും കെയ്ൽ ജെയ്മിസൺ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 102 റൺസ് എന്ന ശക്തമായ നിലയിലാണ്.
ഡെവോൺ കോൺവെ (49), രചിൻ രവീന്ദ്ര (52) എന്നിവർ ക്രീസിലുണ്ട്. ഷായ് ഹോപ്പിന്റെ ഒറ്റയാൾ പോരാട്ടമാണ് വിൻഡീസ് ഇന്നിംഗ്സിന്റെ സവിശേഷത.
മറ്റ് ബാറ്റർമാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നിട്ടും ഹോപ്പ് ഒരറ്റത്ത് നിലയുറപ്പിച്ചു. ജോൺ കാംപെൽ (4), കീസി കാർട്ടി (7), അക്കീം അഗസ്റ്റെ (22) എന്നിവർ പുറത്തായതോടെ വിൻഡീസ് 62/3 എന്ന നിലയിൽ തകർന്നു.
തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ സന്ദർശകർ 86/5 എന്ന നിലയിലേക്കും 130/6 എന്ന നിലയിലേക്കും കൂപ്പുകുത്തി. ഷെർഫെയ്ൻ റൂഥർഫോർഡ് (13), റോസ്റ്റൺ ചേസ് (2), ജസ്റ്റിൻ ഗ്രീവ്സ് (22), റൊമാരിയോ ഷെപ്പേർഡ് (22), മാത്യു ഫോർഡ് (21), ഷമാർ സ്പ്രിംഗർ (6) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല.
14 ഫോറുകളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ജെയ്ഡൻ സീൽസ് (1) ഹോപ്പിനൊപ്പം പുറത്താകാതെ നിന്നു.
ഈ സെഞ്ചുറിയോടെ നിരവധി റെക്കോർഡുകളും ഷായ് ഹോപ്പ് തന്റെ പേരിൽ കുറിച്ചു. കരിയറിലെ 19-ാം ഏകദിന സെഞ്ചുറി നേടിയ ഹോപ്പ്, ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വിൻഡീസ് താരങ്ങളിൽ ബ്രയാൻ ലാറയ്ക്കൊപ്പമെത്തി (19).
25 സെഞ്ചുറികളുമായി ക്രിസ് ഗെയ്ൽ മാത്രമാണ് ഇനി ഹോപ്പിന് മുന്നിലുള്ളത്. വെറും 66 പന്തിൽ മൂന്നക്കം തികച്ച ഹോപ്പിന്റെ കരിയറിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ചുറി കൂടിയാണിത്.
ഓസ്ട്രേലിയ ഒഴികെയുള്ള എല്ലാ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾക്കെതിരെയും ഏകദിന സെഞ്ചുറി നേടാനും ഇതോടെ ഹോപ്പിനായി. ഇതോടൊപ്പം ഏകദിനത്തിൽ അതിവേഗം 6,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് ബാറ്റർ എന്ന ചരിത്രനേട്ടവും ഹോപ്പ് സ്വന്തമാക്കി.
142 ഇന്നിംഗ്സുകളിൽ നിന്നാണ് ഹോപ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്. 141 ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച ഇതിഹാസതാരം വിവിയൻ റിച്ചാർഡ്സ് മാത്രമാണ് ഇക്കാര്യത്തിൽ ഹോപ്പിന് മുന്നിലുള്ളത്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

