
ചെന്നൈ: നടൻ കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ്റെ പുതിയ ടീസർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്നലെ പുറത്ത് വിട്ടു. നേരത്തെ ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിറകെയാണ് പുതിയ ടീസര്‍ എത്തിയത്.
ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ ഈ ടീസര്‍ ആകര്‍ഷിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്.
“ജപ്പാൻ- ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് . എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും… നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളൻ … തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാൻ”.നിയമ പാലകരും ജപ്പാനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് സിനിമയുടെ കഥയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു , എസ്.ആർ.പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ ജപ്പാൻ ‘. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.
തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകൻ വിജയ് മിൽടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. അനൽ – അരസ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈ ലൈറ്റ്.. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ‘ ജപ്പാൻ ‘ ചിത്രീകരിച്ചിരിക്കുന്നത്. ദീപാവലിക്ക് ‘ ജപ്പാൻ ‘ റിലീസ് ചെയ്യും.
Last Updated Oct 19, 2023, 4:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]