ഹൈദരാബാദ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലാണ് (കെഎംസി) സംഭവം.
രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി മത്തേവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാർത്ഥികൾക്ക് പൊലീസ് നോട്ടീസ് അയച്ചു.
രാജസ്ഥാന് സ്വദേശിയാണ് പരാതിക്കാരന്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയോട് വെള്ളം എടുത്തുകൊണ്ടുവരാന്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി ഈ ആവശ്യം നിരസിച്ചു. ഇതോടെ സീനിയേഴ്സ് മുറിയിലെത്തി വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് മത്തേവാഡ പൊലീസ് ഇൻസ്പെക്ടർ എൻ വെങ്കിടേശ്വരലു പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) റാഗിംഗ് നിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്. കോളേജ് റാഗിംഗ് വിരുദ്ധ സമിതി യോഗം ചേരുമെന്ന് കെഎംസി പ്രിൻസിപ്പൽ ദിവ്വേല മോഹൻദാസ് അറിയിച്ചു. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളേജിൽ റാഗിംഗിന്റെ പേരില്‍ 10 എംബിബിഎസ് വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. റാഗിംഗ് വിരുദ്ധ സമിതിയുടെ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു നടപടി.
നേരത്തെ പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയില്‍ റാഗിംഗിന് പിന്നാലെ വിദ്യാര്‍ത്ഥിയെ വീണു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആഗസ്ത് 9നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന്റെ രണ്ടാം നിലയിലൂടെ നടത്തിച്ചെന്നാണ് ആരോപണം. പിന്നാലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തുകയും ചെയ്തു.
വിദ്യാര്‍ത്ഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരമാണ് പൊലീസ് ആദ്യം കൊലക്കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് നിരോധന നിയമത്തിലെ സെക്ഷൻ 4 ചേർത്തു. പ്രതികൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കണമെന്ന് പശ്ചിമ ബംഗാൾ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (ഡബ്ല്യുബിസിപിസിആര്‍) നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പോക്സോ നിയമത്തിലെ സെക്ഷന്‍ 12 കൂടി അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തുകയായിരുന്നു.
Last Updated Sep 19, 2023, 12:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]