കോഴിക്കോട് : നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് പ്രഖ്യാപിച്ചു. കടകൾ രാത്രി 8 വരെയും, ബാങ്കുകൾക്ക് ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാമെന്ന് ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകിയിരിക്കുന്നത്. മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സെപ്റ്റംബര്‍ 13ന് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലുംപാറ, പുറമേരി, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇളവുകള്‍. ഇതനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിലെ എല്ലാ കടകമ്ബോളങ്ങളും രാത്രി എട്ടു വരെയും ബാങ്കുകള്‍ ഉച്ച രണ്ടുവരെയും നിപ പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിപ്പിക്കാം.
അതേസമയം സംസ്ഥാനത്ത് നിപ ഭീതിക്ക് ആശ്വാസമായി കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവായി. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്ക് വിഭാഗത്തിലെ 61 പേരുടെ പരിശോധനാ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്തിഴപഴകിയ വ്യക്തിയുടെ പരിശോധനാ ഫലവും, ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകയുടെ ഫലവും നെഗറ്റീവാണെന്ന് മന്ത്രി അറിയിച്ചു.