ദില്ലി: വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്.
അതേസമയം, നാളെ രാവിലെ ഒന്പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പുതിയ മന്ദിരത്തില്‍ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.
മേനക ഗാന്ധി, മൻമോഹൻ സിംഗ്, ഷിബു സോറൻ എന്നിവർക്ക് നാളെ സെൻട്രൽ ഹാളിൽ സംസാരിക്കാനും സർക്കാർ ക്ഷണിച്ചിട്ടുണ്ട്. മുതിർന്ന അംഗങ്ങൾ എന്ന നിലയ്ക്കാണ് ഇവർക്ക് ക്ഷണം നൽകിയരിക്കുന്നത്. എന്നാൽ മൻമോഹൻ സിംഗ് പങ്കെടുക്കുന്നില്ലെന്നറിയിച്ചിട്ടുണ്ട്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്നാണ് തുടക്കമായത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളന നടപടികൾ മാറ്റുന്നതിന് മുന്നോടിയായുള്ള അവസാനം ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. 75 വർഷത്തെ യാത്രക്കിടയിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരം സാക്ഷിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിച്ചു. പുതിയ തലമുറക്കുള്ള ചരിത്ര പഠനം കൂടിയായ പഴയ മന്ദിരം എക്കാലവും പ്രചോദനമാകും. പാർലമെന്റ് പടിക്കെട്ടുകളെ നമസ്കരിച്ചാണ് താൻ ആദ്യമായി പാർലമെന്റിലേക്ക് കയറിയത്. പഴയ മന്ദിരവുമായുള്ള അത്രയേറെ വൈകാരിക അടുപ്പമുണ്ട്. എന്നാൽ ഈ മന്ദിരത്തോട് വിട ചൊല്ലാൻ സമയമായിരിക്കുന്നു. പുതിയ പാർലമെന്റിന് വേണ്ടി വിയർപ്പൊഴുക്കിയത് രാജ്യത്തെ പൗരന്മാരാണെന്നും മോദി പറഞ്ഞു.
https://www.youtube.com/watch?v=kfn5daEgRbQ
Last Updated Sep 18, 2023, 11:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]