
ലോസ് ആഞ്ചലസ്: റൂസ്സോ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ആന്റണി റൂസ്സോ, ജോ റൂസ്സോ എന്നിവര്‍ അടുത്ത രണ്ട് ‘അവഞ്ചേഴ്സ്’ സിനിമകൾ സംവിധാനം ചെയ്യുമെന്ന് വിവരം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള ഇവരുടെ മടങ്ങിവരവാണ് ഹോളിവുഡില്‍ വലിയ ചര്‍ച്ചയായി മാറുന്നത്.
മാർവൽ സ്റ്റുഡിയോസിന്റെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ നാല് സിനിമകൾ സംവിധാനം ചെയ്ത ഇരുവരും ഇതേ ഫ്രാഞ്ചെസിയിലെ അടുത്ത രണ്ട് ആവഞ്ചേര്‍സ് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിക്കാനുള്ള ആദ്യഘട്ട ചർച്ചകളിലാണെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹോളിവുഡ് റിപ്പോർട്ടര്‍ പറയുന്നത്
‘ഡെഡ്പൂൾ & വോൾവറിൻ’ സംവിധായകൻ ഷോൺ ലെവി ഉൾപ്പെടെ നിരവധി പേരുകൾ ആവഞ്ചേര്‍സ് ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ ആലോചനയില്‍ ഉണ്ടായിരുന്നെങ്കിലും. മാര്‍വലിന് ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകരെ വീണ്ടും എത്തിക്കാനാണ് ഇപ്പോള്‍ സ്റ്റുഡിയോ ആലോചിക്കുന്നത് എന്നാണ് വിവരം.
“അറസ്റ്റഡ് ഡെവലപ്മെന്റ്, കമ്മ്യൂണിറ്റി എന്നീ ടിവി ഷോകളിലൂടെ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷം ബിഗ് സ്ക്രീനിലേക്ക് എത്തിയ റൂസ്സോ ബ്രദേഴ്സ് 2014 ൽ ‘ക്യാപ്റ്റൻ അമേരിക്ക: ദി വിന്റര്‍ സോൾജിയർ’ എന്ന ചിത്രത്തിലൂടെയാണ് തങ്ങളുടെ മാർവൽ കരിയർ ആരംഭിച്ചത്.
തുടര്‍ന്ന് ഇവര്‍ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ’ സംവിധാനം ചെയ്തു. പിന്നീടാണ് “അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ”, “അവഞ്ചേഴ്സ്: എൻഡ്ഗെയിം” എന്നീ ആഗോള ബോക്സോഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രങ്ങള്‍ ഇവര്‍ ഒരുക്കിയത്.
കഴിഞ്ഞ അഞ്ച് വർഷമായി ചലച്ചിത്ര നിർമ്മാതാക്കളായ ഇവര്‍ തങ്ങളുടെ സ്വന്തം ബാനറിലൂടെ പ്രൊജക്റ്റുകള്‍ ഒരുക്കുകയായിരുന്നു. ഒസ്കാര്‍ വാരിക്കൂട്ടിയ “എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്” സീരിസായ “സിറ്റാഡൽ”, സിനിമ സീരിസായ “എക്സ്ട്രാക്ഷൻ” എന്നിവയെല്ലാം ഇവരുടെതാണ്.
ഒടിടിക്കായി ആപ്പിളിന് വേണ്ടി “ചെറി”, നെറ്റ്ഫ്ലിക്സിൽ “ദി ഗ്രേ മാൻ” എന്നിവ ഇവര്‍ സംവിധാനം ചെയ്തിട്ടുണ്ട്. “ദി ഇലക്ട്രിക് സ്റ്റേറ്റ്” എന്ന ചിത്രമാണ് ഇവരുടെതായി വരാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]