
ഇന്ന് വായനാ ദിനം. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. അറിവില്ലാത്തവനെ ആർക്കും ചൂഷണം ചെയ്യാനാകുമെന്നതിനാലാണ് പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയിലെടുക്കാൻ ജർമ്മൻ നാടകകൃത്തും കവിയുമായ ബ്രെഹ്തോൾഡ് ബ്രെഹ്ത് ആഹ്വാനം ചെയ്തത്.
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായന പ്രോത്സാഹിപ്പിച്ചയാളാണ് പി എൻ പണിക്കർ. കേരളത്തിലുടനീളം വായനശാലകൾ സ്ഥാപിക്കുകയും നിരക്ഷരരെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുകയും ചെയ്തു അദ്ദേഹം. ആലപ്പുഴയിലെ നീലംപേരൂരിൽ ഗോവിന്ദപ്പിള്ളയുടേയും ജാനകിയമ്മയുടേയും മകനായി ജനിച്ച പി എൻ പണിക്കർ 1926-ൽ സനാതനധർമ്മ വായനശാല രൂപീകരിച്ചതാണ് തുടക്കം. കേന്ദ്രീകൃത സംവിധാനമില്ലാതിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിനു വായനശാലകളെ കേരള ഗ്രന്ഥശാലാ സംഘത്തിന് കീഴിലെത്തിച്ചത് പണിക്കരാണ്.
മൂന്നു പതിറ്റാണ്ടോളം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന പണിക്കരുടെ ശ്രമഫലമായാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് സർക്കാർ പാസ്സാക്കിയത്. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതായിരുന്നു പണിക്കരുടെ ആഹ്വാനം. കേരളത്തെ സമ്പൂർണസാക്ഷരതയിലേക്ക് നയിച്ച കേരള സംസ്ഥാന സാക്ഷരതാ മിഷന് അടിത്തറ പാകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസമിതിക്ക് രൂപം നൽകിയതും പണിക്കരാണ്.
1996 മുതൽ കേരള സർക്കാർ വായനാദിനമായി ആചരിക്കുന്ന ദിനം 2017-ൽ കേന്ദ്ര സർക്കാർ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചു. ഇന്നു മുതൽ ജൂൺ 25 വരെ വായനാവാരമായും സർക്കാർ ആചരിക്കുന്നു. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും, വായിക്കാതെ വളർന്നാൽ വളയും’ . വായനയുടെ മഹത്വത്തെ കുട്ടിക്കവിതയിലൂടെ എത്ര ലളിതസുന്ദരമായാണ് കുഞ്ഞുണ്ണി മാഷ് ആവിഷ്ക്കരിച്ചത്. പുത്തൻ അറിവുകളും പുതിയ ചിന്തകളും പുതിയ ആശയങ്ങളുമെല്ലാം രൂപപ്പെടണമെങ്കിൽ വായന കൂടിയേ തീരൂ.
Story Highlights : Today is reading day
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]