
പാകിസ്ഥാന് വേണ്ടി വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയാണ് കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാ സേന തകർത്തത്. രണ്ട് സ്ത്രീകളും ഒരു യൂട്യൂബറും ഉൾപ്പെടെ കുറഞ്ഞത് 12 പേരെയെങ്കിലും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ചാരവൃത്തിക്കും സൈനിക രഹസ്യങ്ങൾ ചോർത്തിയതിനും സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തു. പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും ബന്ധം പുലർത്തിയിരുന്ന വലിയ ശൃംഖലയായിരുന്നു ഇവരുടേതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷമാണ് ചാര ശൃംഖലയിലെ കണ്ണികളുടെ അറസ്റ്റുകൾ നടന്നത്. സൈനിക നീക്കങ്ങൾ, സൈനിക കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവർ ശേഖരിച്ച് കൈമാറിയതായാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.
ഇതുവരെ അറസ്റ്റിലായവരുടെ പട്ടിക:
ജ്യോതി മൽഹോത്ര (ഹരിയാന)
- 3.77 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബർമാരും 1.33 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള ഹിസാർ സ്വദേശിയായ യൂട്യൂബർ.
- പാകിസ്താൻ ഉദ്യോഗസ്ഥനായ ഇഹ്സാനുറഹിമുമായി (ഡാനിഷ്) ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറിയതായി ആരോപണം.
- 2023ൽ വിസ ആവശ്യങ്ങൾക്കായി ഡാനിഷിനെ ഇവർ പാക് ഹൈക്കമ്മീഷനിൽ സന്ദർശിക്കുകയും ചെയ്തു.
- ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സംഘർഷ സമയത്തും ഇവർ ഡാനിഷുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുസാല (പഞ്ചാബ്)
- മലേർകോട്ലയിൽ നിന്നുള്ള 31കാരി.
- പാകിസ്താൻ ഉദ്യോഗസ്ഥൻ ഡാനിഷിന് സൈനിക വിവരങ്ങൾ കൈമാറിയെന്ന് ആരോപണം.
- രണ്ട് യുപിഐ ഇടപാടുകളിലൂടെ ഇതിന് 30,000 രൂപ പ്രതിഫലം വാങ്ങിയെന്നും ആരോപണം.
യമീൻ മുഹമ്മദ് (പഞ്ചാബ്)
- മലേർകോട്ല സ്വദേശി.
- ഗുസാലയ്ക്കൊപ്പം സൈനിക വിവരങ്ങൾ കൈമാറി പകരം ഓൺലൈൻ ഇടപാടുകളിലൂടെ പ്രതിഫലം വാങ്ങിയെന്ന് ആരോപണം.
ഫലാഖ്ഷർ മസീഹ് (പഞ്ചാബ്)
- അമൃത്സറിലെ അജ്നാല സ്വദേശി.
- സൈനിക കേന്ദ്രങ്ങളുടെയും വ്യോമത്താവളങ്ങളുടെയും ചിത്രങ്ങളും വിവരങ്ങളും ഐഎസ്ഐക്ക് ചോർത്തിയെന്ന് ആരോപണം.
- ബിഎസ്എഫ് ക്യാമ്പുകളുടെയും വിമാനത്താവങ്ങളുടെയും ചിത്രങ്ങൾ നൽകിയെന്നും സുപ്രധാന വിവരങ്ങൾ ചോർത്തിക്കൊടുത്തുവെന്നും ആരോപണം
സൂരജ് മസീഹ് (പഞ്ചാബ്)
- അമൃത്സറിലെ അജ്നാല സ്വദേശി.
- ഫലാഖ്ഷർ മസീഹിനൊപ്പം ചാരവൃത്തിയിൽ ഏർപ്പെട്ടു.
സുഖ്പ്രീത് സിംഗ് (പഞ്ചാബ്)
- മെയ് 15 ന് അറസ്റ്റിലായി.
- സൈനിക നീക്കങ്ങൾ ഉൾപ്പെടെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറി.
കരൺബീർ സിംഗ് (പഞ്ചാബ്)
- സുഖ്പ്രീത് സിംഗിനൊപ്പം അറസ്റ്റിലായി.
- ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി.
നുമാൻ ഇലാഹി (ഹരിയാന)
- ഉത്തർപ്രദേശിലെ കൈരാന സ്വദേശിയായ ഇയാൾ പാനിപ്പത്തിൽ നിന്ന് അറസ്റ്റിലായി.
- പാകിസ്താനിലെ ചില വ്യക്തികൾക്ക് നിർണായക വിവരങ്ങൾ നൽകി.
- സഹോദരിക്കും സഹോദരിയുടെ ഭർത്താവിനുമൊപ്പം പാനിപ്പത്തിൽ കഴിയുകയായിരുന്നു.
ദേവേന്ദർ സിംഗ് (ഹരിയാന)
- കൈത്തലിലെ ഗുഹ്ല സ്വദേശിയായ 25കാരൻ. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദമുള്ളയാൾ.
- ആയുധങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 2024ൽ തീർത്ഥാടനത്തിന് പാകിസ്ഥാൻ സന്ദർശിച്ചു. തുടർന്ന് അവിടെയുള്ള ചിലരുമായി അടുപ്പം സ്ഥാപിക്കുകയും അത് തുടരുകയും ചെയ്തു.
- പാട്യാല സൈനിക കേന്ദ്രത്തിന്റെ പുറത്ത് നിന്ന് എടുത്ത ചില ചിത്രങ്ങൾ ഇയാൾ കൈമാറിയതായി കണ്ടെത്തി.
അർമാൻ (ഹരിയാന)
- നുഹ് ജില്ല സ്വദേശി.
- ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വാട്ട്സ്ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കിട്ടു.
ഷഹ്സാദ് (ഉത്തർപ്രദേശ്)
- റാംപൂരിൽ നിന്ന് മൊറാദാബാദ് എസ്ടിഎഫ് അറസ്റ്റ് ചെയ്തു.
- ഐഎസ്ഐക്കായി ചാരവൃത്തിയിൽ ഏർപ്പെടുകയും കള്ളക്കടത്ത് നടത്തുകയും ചെയ്തു.
- നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചു. പല സാധനങ്ങൾ പാകിസ്ഥാനിലേക്ക് കള്ളക്കടത്ത് നടത്തി.
- ദേശസുരക്ഷയുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും കൈമാറിയെന്ന് അന്വേഷണ സംഘം അറിയിച്ചു.
പാകിസ്താൻ ഉദ്യോഗസ്ഥനായ ഇഹ്സാനുർ റഹിം എന്ന ഡാനിഷ്
- ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ.
- ചാരവൃത്തിയിലെ പ്രധാന കണ്ണിയെന്ന് കണ്ടെത്തി ഇന്ത്യ രാജ്യത്തു നിന്ന് പുറത്താക്കി.
ചാരപ്രവർത്തനം നടത്തിയ കണ്ണികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന സൂചനയാണ് പുറത്തുവരുന്നത്. വിവിധ സുരക്ഷാ ഏജൻസികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഇക്കാര്യത്തിൽ സംയുക്തമായാണ് പ്രവർത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]