
അമരാവതി: ആന്ധ്രപ്രദേശിൽ വീടിന് മുന്നിലുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ അബദ്ധത്തിൽ കുടുങ്ങിയ നാലു കുട്ടികൾക്ക് ദാരുണാന്ത്യം. വിജയനഗരം ജില്ലയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് ദാരുണ സംഭവം നടന്നത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ഇവരിൽ ചാരുമതിയും കരിഷ്മയും സഹോദരിമാരാണ്. മറ്റു രണ്ട് കുട്ടികൾ അവരുടെ സുഹൃത്തുക്കളാണ്. സഹോദരിമാർക്കൊപ്പം കളിക്കാനായി എത്തിയതായിരുന്നു ഇവർ.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ട് അവിടെയെത്തിയത്. വാഹനം ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഇതോടെ കുട്ടികൾ ഡോർ തുറന്ന് കാറിൽ കയറുകയായിരുന്നു. കുട്ടികൾ കയറിയപ്പോൾ കാർ അബദ്ധത്തിൽ ലോക്കായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് ഇവരെ സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം ആറ് മണിയോടെയാണ് തെരച്ചിലിനിടെ നാട്ടുകാരിയായ സ്ത്രി റോഡരികിൽ നിർത്തിയിട്ട കാർ ശ്രദ്ധിച്ചത്. ഇവർ അടുത്തെത്തി നോക്കിയപ്പോൾ കണ്ടത് കാറിനുള്ളിൽ ചലനമറ്റ് കിടക്കുന്ന കുട്ടികളെയാണ്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയവർ കാറിന്റെ ചില്ലുകൾ തകർത്താണ് ഡോർ തുറന്നത്. ഉടനെ തന്നെ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടികൾ കാറിനുള്ളിൽ കയറി ഡോർ അടച്ചതോടെ ഓട്ടോ ലോക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ ഉടമസ്ഥൻ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ രണ്ട് ദിവസം മുമ്പാണ് ഇവിടെ വാഹനം പാർക്ക് ചെയ്തു പോയത്. കുട്ടികൾ വാഹനത്തിൽ കയറുന്ന സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ, തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ പൂട്ടിയ കാറിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ ശ്വാസംമുട്ടി മരിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നാലും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് അന്ന് മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]