
‘മുഖ്യമന്ത്രിയുടെ പടം ഫ്ലെക്സടിക്കാൻ കോടികൾ; കേരളത്തെ തരിപ്പണമാക്കിയിട്ടാണു സർക്കാർ വാർഷികം ആഘോഷിക്കുന്നത്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ സർക്കാരില്ലായ്മയാണു സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് 4 വർഷത്തെ ഭരണം കൊണ്ടു ജനജീവിതം ദുസ്സഹമായി. ജനം പ്രയാസപ്പെടുന്ന ഘട്ടത്തിലൊന്നും സർക്കാരിന്റെ സാന്നിധ്യം ഉണ്ടാകുന്നില്ല. തിരുവനന്തപുരത്ത് സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് യുവതിയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ച സംഭവം 4 വർഷമായി സംസ്ഥാനത്തു നടക്കുന്ന പൊലീസ് ഭരണത്തിന്റെ നേർസാക്ഷ്യമാണെന്നും സതീശൻ പറഞ്ഞു.
‘‘പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്കു ശുചിമുറിയിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നത്? മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിയുമായി പോയപ്പോഴും അവർ അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണു ഭരണം നിയന്ത്രിക്കുന്നത്’’ – സതീശൻ പറഞ്ഞു.
ഏതു വിദൂരഗ്രാമത്തിലും ലഹരിമരുന്നു ലഭിക്കുന്ന ശൃംഖല കേരളത്തിലുണ്ട്. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ സംരക്ഷണം നൽകുന്നതു സിപിഎമ്മാണ്. കേരളത്തെ ഭരിച്ചുമുടിച്ച ശേഷം ജനങ്ങളുടെ നികുതിപ്പണമെടുത്തു സർക്കാരിന്റെ വാർഷികം ആഘോഷിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണു സർക്കാരിന്റെ വാർഷിക ദിനത്തിൽ പ്രതിപക്ഷം കരിദിനം ആചരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
1.56 ലക്ഷം കോടിയായിരുന്ന കേരളത്തിന്റെ പൊതുകടം 9 വർഷം കൊണ്ട് 6 ലക്ഷം കോടിയായി വർധിച്ചു. ആശുപത്രികളിൽ മരുന്നില്ല, സപ്ലൈക്കോയിൽ അവശ്യസാധനങ്ങളില്ല, ക്ഷേമനിധി ബോർഡുകൾ തകർന്നു. ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ നൽകിയിട്ടു മാസങ്ങളായി. ജൽജീവൻ മിഷനിലെയും പൊതുമരാമത്തു വകുപ്പിലെയും കരാറുകാർക്ക് കോടികൾ കുടിശികയാണ്. പണമില്ലാത്തതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു. കേരളത്തെ തരിപ്പണമാക്കിയിട്ടാണു സർക്കാരിന്റെ വാർഷികം ആഘോഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം ഫ്ലെക്സടിക്കാൻ കോടികളാണു ചെലവാക്കുന്നത്.
ഭരിച്ചു തകർത്തതു നല്ലതാണെന്നു പറയാൻ ജനങ്ങളുടെ പോക്കറ്റടിക്കുകയാണു സർക്കാർ. കേരളത്തിൽ അഴിമതിയല്ലാതെ മറ്റൊന്നും നടക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്നും സതീശൻ പറഞ്ഞു. കോഴിക്കോട്ടെ തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.