
ദില്ലി: കനയ്യ കുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മർദ്ദിച്ചവർക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ കൂട്ടാളികളാണെന്ന് കനയ്യ കുമാർ ആരോപിച്ചു. മനോജ് തിവാരിയോടൊപ്പമുള്ള അക്രമികളുടെ ചിത്രവും കനയ്യ പുറത്തുവിട്ടു. ആരോപണം ബിജെപി നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വടക്കുകിഴക്കൻ ദില്ലിയിൽ റാലി നടത്താനിരിക്കെ ഇന്നലെ വൈകീട്ടാണ് പ്രചാരണത്തിനിടെ ഇന്ത്യ സഖ്യം സ്ഥാനാർത്ഥിയായ കനയ്യ കുമാറിനെ രണ്ടുപേർ മർദിച്ചത്.
മാലയിടാനെന്ന പേരിൽ അടുത്തേക്ക് ചെന്ന് സ്ഥാനാർത്ഥിയെ മർദിച്ചതിന്റെയും കറുത്ത മഷി ഒഴിച്ചതിന്റെയും ദൃശ്യങ്ങൾ പകർത്തി അക്രമികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. അക്രമിച്ചവർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരിയുടെ അടുത്ത കൂട്ടാളികളാണെന്നും, കഴിഞ്ഞ രണ്ട് തവണ എംപിയായിട്ടും നടപ്പാക്കിയ വികസനമൊന്നും പറയാനില്ലാത്തതുകൊണ്ട് മനോജ് തിവാരി ഗുണ്ടകളെ പറഞ്ഞയക്കുകയാണെന്നും കനയ്യ കുമാർ പറഞ്ഞു. അക്രമികളുടെ ബിജെപി ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു. അക്രമികൾ മനോജ് തിവാരിയുടെ കൂട്ടാളികളാണ്, പത്ത് വർഷം എംപിയായവർക്ക് മണ്ഡലത്തിലെ ക്രമസമാധാന നില കാക്കാനും ഉത്തരവാദിത്വമുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അക്രമികൾ രണ്ടുപേർക്കുമെതിരെ നേരത്തെ പള്ളിയിൽ കയറി ബഹളമുണ്ടാക്കിയതിന് ഗാസിയാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനും കോൺഗ്രസ് പരാതി നൽകി. അക്രമം തടയാൻ ശ്രമിച്ച എഎപി വനിതാ കൗൺസിലർ ചായ ശർമയെയും അക്രമിച്ചെന്നും, മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി എഎപി നൽകിയ പരാതിയിലും കേസെടുത്തു.
അതേസമയം അക്രമികളുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി പ്രതികരിച്ചു. സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. ഈമാസം 25നാണ് ദില്ലിയിൽ എല്ലാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ്. ഏതൊക്കെ രീതിയിൽ അടിച്ചമർത്താൻ ശ്രമിച്ചാലും തെരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്നാണ് കനയ്യ കുമാർ പറയുന്നത്.
Last Updated May 18, 2024, 9:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]