
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിക്ക് സാധ്യതയേറി. പിവി അൻവറിന് പുറമെ മറ്റ് ചില സംഘടനകൾക്കും ആര്യാടൻ ഷൗക്കത്തിനോട് എതിർപ്പുണ്ടെന്നാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. കഴിഞ്ഞതവണ ആര്യാടൻ ഷൗക്കത്തിന്റെ എതിർപ്പ് ഉണ്ടായിട്ടും യുഡിഎഫ് സ്ഥാനാർത്ഥി വി വി പ്രകാശിന് വിജയത്തിൻറെ അടുത്തുവരെ എത്താനായത് കൂടെ ജോയിക്ക് അനുകൂല ഘടകമായി. ഇത്തവണ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ യുഡിഎഫ് വോട്ട് ചോരുമെന്ന് നേതാക്കളുടെ നിഗമനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജോയിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പിവി അൻവർ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സ്ഥാനാർത്ഥിത്തെ ചൊല്ലിയുള്ള തർക്കത്തിലും വിവാദങ്ങളിലും കോൺഗ്രസ് നേതൃത്വത്തെ മുസ്ലീം ലീഗ് അതൃപ്തി അറിയിച്ചതായും വിവരമുണ്ട്.
അതിനിടെ നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വൻ വിജയം നേടുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും തെരഞ്ഞെടുപ്പ് ഫലം. പിവി അൻവര്‍ എന്ന കള്ളനാണയത്തെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുകളയണം. ഇടതുമുന്നണിക്ക് ഉണ്ടാക്കിയതിലും വലിയ ബാധ്യതയും തലവേദനയുമാണ് പി വി അൻവര്‍ യുഡിഎഫിന് ഉണ്ടാക്കുകയെന്നും പി പി സുനീര്‍ എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]