
ഒന്നരവർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം. സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി. നടൻ മോഹൻലാൽ. ചിത്രത്തിന്റെ പേര് മലൈക്കോട്ടൈ വാലിബൻ. ലിജോയും മോഹൻലാലും ഒന്നിക്കുന്നുവെന്നത് ആദ്യം അഭ്യൂഹങ്ങൾ ആയിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ഏറെ ആവേശത്തിൽ ആയിരുന്നു ആരാധകരും സിനിമാസ്വാദകരും. ഹിറ്റ് സംവിധായകനും നടനും ഒന്നുചേരുന്നു എന്നത് തന്നെ ആയിരുന്നു അതിന് കാരണം. വാലിബന്റെ റിലീസിനോട് അനുബന്ധിച്ച് വൻ ഹൈപ്പും ലഭിച്ചിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തതു മുതൽ ആരാധക പ്രതീക്ഷകളെ എല്ലാം കാറ്റിൽ പറത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെയും കളക്ഷനെയും വല്ലാതെ ബാധിച്ചിരുന്നു.
ഇപ്പോഴിതാ തിയറ്റർ റൺ അവസാനിപ്പിച്ച് മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മോഹൻലാൽ ചിത്രം ഫെബ്രുവരി 23 അതായത് വരുന്ന വെള്ളിയാഴ്ച ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരും. ചിത്രം വെള്ളിയാഴ്ച സ്ട്രീമിംഗ് തുടങ്ങുമെന്ന പരസ്യം ടെലിവിഷനിൽ വന്നു കഴിഞ്ഞു. ഏഷ്യാനെറ്റിനാണ് വേൾഡ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്.
അതേസമയം, ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ ആദ്യ നാല് ദിവസത്തിൽ തന്നെ വൻ കളക്ഷൻ കുതിപ്പ് ചിത്രം നേടുമായിരുന്നു. ആദ്യദിനം പത്ത് കോടിയോളം രൂപയാണ് ആഗോള തലത്തിൽ ചിത്രം നേടിയത്. രണ്ടാം ദിനം മുതൽ വലിയ വ്യത്യാസം തന്നെ കളക്ഷനിൽ ഉണ്ടായി. പോകെ പോകെ കളക്ഷനിൽ വലിയ തോതിലുള്ള ഇടിവ് വാലിബന് നേരിടേണ്ടി വന്നു. നിലവിലെ ട്രാക്കർന്മാരുടെ കണക്ക് പ്രകാരം 30 കോടി വാലിബൻ നേടി കഴിഞ്ഞു. ചിത്രത്തിന്റെ മുതൽ മുടക്ക് 65 കോടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
Last Updated Feb 18, 2024, 5:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]