
-
- സൗദി പ്രമുഖരടക്കം രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും
ജിദ്ദ- 5000 വർഷത്തെ അറബ്-ഇന്ത്യ ചരിത്രം അനാവരണം ചെയ്യപ്പെടുന്ന പ്രഥമ സൗദി, ഇന്ത്യാ മഹോത്സവം ഇന്ന് (വെള്ളി) ജിദ്ദയിൽ നടക്കും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റീവും (ജി.ജി.ഐ) ചേർന്ന് സംഘടിപ്പിക്കുന്ന സൗദി-ഇന്ത്യ ഫെസ്റ്റിവൽ സീസൺ-1 മെഗാ ഇവന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജി.ജി.ഐ ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് ആറിന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയാവുന്ന പരിപാടിയിൽ അറബ് മാധ്യമ പ്രമുഖൻ ഖാലിദ് അൽ മഈന, പ്രശസ്ത സൗദി കവി അബ്ദുല്ല ഉബൈയാൻ, സൗദി ശൂറാ കൗൺസിൽ മുൻ അംഗം ലിനാ അൽ മഈന, മക്ക മദ്രസത്തു സൗലത്തിയ മേധാവി ഡോ.ഇസ്മായിൽ മയ്മനി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിക്കും.
സാംസ്കാരിക പ്രമുഖർ, മാധ്യമ പ്രവർത്തകർ, വ്യവസായ പ്രമുഖർ, വിദ്യാഭ്യാസ വിചക്ഷണർ, കലാകാരന്മാർ തുടങ്ങി ഇന്ത്യൻ സമൂഹവും, ഇന്ത്യൻ വംശജരുമുൾപ്പെടെ നൂറുകണക്കിന് മറ്റു സൗദി പ്രമുഖരും സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകിട്ട് അഞ്ച് മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം അനുവദിക്കും. അഞ്ച് സഹസ്രാബ്ദത്തെ ഉറ്റ സൗഹൃദപ്പെരുമ എന്ന ശീർഷകത്തിലുള്ളതാണ് അഞ്ചു സഹസ്രാബ്ദങ്ങളിലേക്ക് നീളുന്ന അറബ്, ഇന്ത്യാ സൗഹൃദപ്പെരുമയും തന്ത്രപ്രധാന പങ്കാളിത്തവും അടയാളപ്പെടുത്തുന്ന സൗദി-ഇന്ത്യ സാംസ്കാരികോത്സവം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സൗദി കലാ സംഘത്തിന്റെയും ഇന്ത്യൻ വിദ്യാർഥികളുടെയും തനത് കലാ പ്രകടനങ്ങൾ, പൗരാണിക കാലം മുതലുള്ള അറബ് ഇന്ത്യാ സാംസ്കാരിക വിനിമയത്തിന്റെയും വ്യാപാര കൊള്ളക്കൊടുക്കലുകളുടെയും ഈടുവെപ്പുകൾക്ക് ദൃശ്യാവിഷ്കാരമേകുന്ന ഡോക്യുമെന്ററി പ്രദർശനം, ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങളുടെയും ഉൽപന്നങ്ങളുടെയും മറ്റും വിവിധ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിവലിലെ മുഖ്യ ആകർഷണങ്ങളായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.