
തൃശൂർ- റഷ്യക്കാരിയായ ഡിയാന മലയാളത്തിന്റെ മരുമകളായി. ഞായർ രാവിലെ ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാളിയായ വിപിൻ താലി ചാർത്തിയതോടെയാണ് മോസ്കോ സ്വദേശിയായ ഡിയാന കേരളത്തിന്റെ മരുമകളായത്. ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകൻ വിപിനും മോസ്കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകൾ ഡിയാനയുമാണ് മതവും രാജ്യവും വേർതിരിക്കാത്ത പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഡിയാനയുടെ ബന്ധുക്കളായ 15 പേരും ചടങ്ങിൽ സംബന്ധിച്ചു. കേരളീയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വധുവും കേരളീയ വേഷത്തിലായിരുന്നു. മോഡലും ചലച്ചിത്ര നടിയും യോഗ പരിശീലകയുമായ ഡിയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിംഗ് പരിശീലകയുമാണ്. കലയിലും ആയോധന കലകളിലും സമാനമായ താൽപര്യങ്ങളുള്ള വിപിനും ഡിയാനയും ഏഴു വർഷം മുമ്പ് ഒരു സാംസ്കാരിക പരിപാടിയിൽ വെച്ചാണ് പരിചയപ്പെടുന്നത്. മോസ്കോയിലും ഇന്ത്യയിലുമായിട്ടാണ് ഡിയാന ഭരതനാട്യം പഠിച്ചത്. മോസ്കോയിൽ പഠിപ്പിക്കുന്നുമുണ്ട്. കേരളത്തെയും കേരളത്തിന്റെ സാംസ്കാരിക കലാസവിശേഷതകളെയും ഏറെ ഇഷ്ടപ്പെടുന്ന ഡിയാനയ്ക്ക് കേരളീയ ഭക്ഷണവും പ്രിയപ്പെട്ടതാണ്.
മലയാളം, തമിഴ്, ഹിന്ദി ഭാഷകൾ കുറച്ച് അറിയാം. ഡിയാന അഭിനയിച്ച മോഹൻലാൽ സിനിമ വാലിബൻ ജനുവരിയിൽ റിലീസാവും. നേരത്തെ ശീമാട്ടിക്കുവേണ്ടി മോഡലായിട്ടുണ്ട്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ. അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ എം.ആർ. നായരുടെ ചെറുമകനുമാണ്. പെരിങ്ങാവ് ചാക്കോളാസ് പലസുവിൽ നടന്ന സ്വീകരണച്ചടങ്ങിൽ വധൂവരന്മാർ പരസ്പരം മോതിരം കൈമാറി. മാലകളണിഞ്ഞു. വാദ്യഘോഷത്തോടെയായിരുന്നു ചടങ്ങുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
