
ടെഹ്റാൻ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഈ കുറ്റകൃത്യങ്ങൾ തുടര്‍ന്നാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും ആർക്കും തടുക്കാനാവില്ലെന്നും ഖമേനി ചൊവ്വാഴ്ച പറഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു.
പലസ്തീനികൾക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ ആർക്കും മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും നേരിടാൻ കഴിയില്ല… ഗാസയിലെ ബോംബാക്രമണം ഉടൻ അവസാനിപ്പിക്കണം – ഖമേനി പറഞ്ഞു. ഗാസയിൽ പലസ്തീനികൾക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1979-ലെ ഇസ്ലാമിക വിപ്ലവം മുതൽ, ഇറാനിലെ ഭരണാധികാരികൾ പലസ്തീന് വലിയ പിന്തുണ നൽകിയിരുന്നു. ടെഹ്റാൻ ഹമാസിന് പിന്തുണ നൽകുന്നതും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന് ധനസഹായവും ആയുധവും നൽകുന്നതും രഹസ്യമല്ല. ഇതിനിടെ, ഇസ്രയേല്‍ – ഹമാസ് യുദ്ധം പത്താം ദിവസത്തില്‍ എത്തുമ്പോള്‍ ആദ്യമായി ബന്ദികളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളാക്കിയ ഇരുന്നൂറോളം പേരില്‍ ഒരാളുടെ വീഡിയോ ആണ് ഹമാസ് പുറത്തുവിട്ടത്.
മിയ സ്കീം എന്ന 21 കാരിയുടെ ദൃശ്യമാണ് പുറത്തുവന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് അദ്-ദിൻ അൽ-ഖസ്സാം ബ്രിഗേഡ്സ് ആണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയില്‍ യുവതിയുടെ കൈ ബാൻഡേജിൽ പൊതിഞ്ഞ നിലയിലാണ്. ഗാസ അതിർത്തിക്കടുത്തുള്ള ഇസ്രയേലി നഗരമായ സ്ഡെറോറ്റാണ് തന്റെ സ്വദേശമെന്ന് മിയ വീഡിയോയില്‍ പറഞ്ഞു.
മിയയുടെ കയ്യില്‍ ആരോ ബാന്‍ഡേജ് ചുറ്റുന്ന ദൃശ്യമാണ് പുറത്തുവിട്ടത്. തന്റെ പരിക്കിന് മൂന്ന് മണിക്കൂർ ശസ്ത്രക്രിയ നടത്തിയതായി മിയ പറഞ്ഞു. “അവർ എന്നെ പരിചരിക്കുന്നു. അവർ എനിക്ക് ചികിത്സയും മരുന്നും നല്കുന്നു. എല്ലാം ഓകെയാണ്. എന്റെ വീട്ടിലേക്ക്, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അടുത്തേക്ക് മടങ്ങണമെന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെടുന്നത്. ദയവായി ഞങ്ങളെ എത്രയും വേഗം അവിടെയെത്തിക്കുക”- ഇസ്രയേലി യുവതി ആവശ്യപ്പെട്ടു.
Last Updated Oct 17, 2023, 4:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]