നഗരത്തിലെ വഴിയോരങ്ങളിലും വൈദ്യുതി തൂണുകളിലും പ്രത്യക്ഷപ്പെടുന്ന ഒരു പരസ്യം ഇതാണ്: ‘മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണം ദിവസം വെറും 100 രൂപയ്ക്ക്, നിങ്ങളുടെ ഓഫിസിലോ മുറിയിലോ എത്തിച്ചു നൽകും!’ എന്നാൽ, കുറഞ്ഞ ചെലവിൽ മികച്ച ആഹാരം പ്രതീക്ഷിച്ച് പലരും ചെന്നുപെടുന്നത് ആസൂത്രിതമായ വലിയൊരു തട്ടിപ്പുവലയിലേക്കാണ്. തനിച്ച് താമസിക്കുന്നവരും ബാച്ചിലേഴ്സുമാണ് ഈ വ്യാജ പരസ്യങ്ങളുടെ പ്രധാന ഇരകൾ.
ഒപ്പം, ഈ രംഗത്ത് ആത്മാർത്ഥമായി സേവനം നൽകുന്ന യഥാർത്ഥ സംരംഭകരുടെ ബിസിനസിനെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. വൈദ്യുതി തൂണുകളിൽ മൊബൈൽ നമ്പറുകൾ സഹിതം പോസ്റ്ററുകൾ പതിച്ചും വാട്സാപ് വഴിയുമാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ കണ്ടെത്തുന്നത്.
രാവിലെ പുട്ടും കടലക്കറിയും, ഉച്ചയ്ക്ക് മീൻ വറുത്തതുൾപ്പെടെയുള്ള ഊണും, രാത്രി ചപ്പാത്തിയും കറിയും അടങ്ങിയ വിഭവസമൃദ്ധമായ മെനു വാട്സാപ്പിൽ അയച്ചാണ് ഇവർ വിശ്വാസ്യത പിടിച്ചുപറ്റുന്നത്. തുടക്കത്തിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഒന്നോ രണ്ടോ ദിവസം കൃത്യമായി ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യും.
സർവീസ് ബോധ്യപ്പെട്ടു കഴിഞ്ഞാൽ, ഒരു മാസത്തെ തുകയായ ഏകദേശം 3,000 രൂപ മുൻകൂറായി ആവശ്യപ്പെടും. തുക അക്കൗണ്ടിൽ എത്തിയതോടെ പിന്നീട് ഭക്ഷണം മുടങ്ങും.
വാഹനം കേടായി, പാചകക്കാരന് അസുഖമാണ് തുടങ്ങിയ വിവിധ ന്യായങ്ങൾ പറഞ്ഞ് ഒന്നോ രണ്ടോ ദിവസം പിടിച്ചുനിൽക്കുന്ന തട്ടിപ്പുകാർ, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യും. ചെറിയ തുകയായതിനാൽ ഭൂരിഭാഗം പേരും പരാതി നൽകാൻ തയ്യാറാകാറില്ല.
ഈ പഴുതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. എന്നാൽ, നൂറുകണക്കിന് ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് ഇത്തരക്കാർ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തട്ടിയെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
സമാനമായ രീതിയിൽ വിവാഹ ചടങ്ങുകളുടെ കേറ്ററിങ് വാഗ്ദാനം ചെയ്തും വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ആഡംബര സദ്യയോ ബിരിയാണിയോ നൽകാമെന്ന് സമൂഹമാധ്യമങ്ങൾ വഴി ഇവർ വാഗ്ദാനം ചെയ്യുന്നു.
കരാർ ഉറപ്പിക്കുന്നതോടെ പലചരക്ക് വാങ്ങാനും ഇറച്ചി മുൻകൂട്ടി ബുക്ക് ചെയ്യാനുമെന്ന വ്യാജേന ആകെ തുകയുടെ 50% മുതൽ 70% വരെ മുൻകൂറായി കൈപ്പറ്റും. ചടങ്ങിന്റെ തലേദിവസം രാത്രി വരെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട് എല്ലാം സുരക്ഷിതമാണെന്ന് വിശ്വസിപ്പിക്കുകയും, തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
ചടങ്ങിന്റെ അന്ന് രാവിലെ ഭക്ഷണം എത്താതാകുമ്പോഴാണ് വീട്ടുകാർ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

