കോഴിക്കോട് ∙ കാലം ചെയ്ത ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ കബറടക്കം തിങ്കളാഴ്ച
കോട്ടൂളിയിലെ ക്രിസ്തുദാസി ജനറലേറ്റിൽ നടക്കും. ഞായറാഴ്ച രാവിലെ 11.30ന് കബറടക്ക ശുശ്രൂഷയുടെ ഒന്നാംഘട്ടം തൃശൂർ അതിരൂപതാ മന്ദിരത്തിലാണ്.
12.15 വരെ തൃശൂർ ഡോളേഴ്സസ് ബസിലിക്ക പള്ളിയിൽ പൊതുദർശനം. ഉച്ചയ്ക്ക് 1.30നു തൃശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര.
വൈകിട്ട് 5നു തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തുന്നതുവരെ പൊതുദർശനം ഉണ്ടായിരിക്കും. 22 തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്കു കബറടക്കശുശ്രൂഷയുടെ രണ്ടാം ഘട്ടം തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ശുശ്രൂഷകള്‍.
ഉച്ചയ്ക്ക് ഒരു മണിക്ക് ഭൗതികശരീരം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനീ സമൂഹത്തിന്റെ ‘ഹോം ഓഫ് ലൗ’ജനറലേറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആറിന് കബറടക്ക ശുശ്രൂഷയുടെ സമാപന തിരുക്കര്‍മങ്ങള്‍ നടക്കും.
ശുശ്രൂഷ നടക്കുന്ന തിങ്കളാഴ്ച തൃശൂർ അതിരൂപതയിലെ എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പിതാവിനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾക്കു പകരം സാരിയോ മറ്റു തുണിത്തരങ്ങളോ സമർപ്പിക്കാമെന്നും അത് പിന്നീട് ആവശ്യക്കാർക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതാണെന്നും തൃശൂര്‍ അതിരൂപത അറിയിച്ചു.
കർമപഥത്തിൽ ഏറെക്കാലം അദ്ദേഹം നെഞ്ചോടു ചേർത്തുപിടിച്ച മണ്ണിലാകും അന്ത്യവിശ്രമം.
ജന്മംകൊണ്ട് പാലാക്കാരനാണെങ്കിലും കർമം കൊണ്ട് അദ്ദേഹം മലബാറുകാരനായിരുന്നു. വൈദികനായ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബം കോഴിക്കോട്ടെ തിരുവമ്പാടിയിലേക്ക് കുടിയേറിയത്.
തിരുവമ്പാടിയാണ് അദ്ദേഹത്തിന്റെ മാതൃ ഇടവകയും.
മാനന്തവാടി രൂപതയിൽ മെത്രാനായിരിക്കെ 1977 മേയ് 19 ന് അദ്ദേഹം മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ക്രിസ്തുദാസി സഭ. മാനന്തവാടിയിലായിരുന്നു അക്കാലത്ത് സഭ പ്രവർത്തിച്ചിരുന്നത്.
താമരശ്ശേരി രൂപതയിൽ മെത്രാനായ ശേഷമാണ് അദ്ദേഹം തൃശൂരിലേക്കു പോയത്. നിലവിൽ ഇന്ത്യ, ജർമനി, ഇറ്റലി, ആഫ്രിക്ക, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ സേവനം ചെയ്യുന്ന 317 സിസ്റ്റർമാരാണ് ഈ സന്യാസിനീ സമൂഹത്തിലുള്ളത്.
സിസ്റ്റർ ടീന കുന്നേലാണ് സമൂഹത്തിന്റെ മദർ ജനറാൾ.
അനാഥരായ മാതാപിതാക്കൾക്ക് പരിചരണം ഉറപ്പാക്കാനാണ് ക്രിസ്തുദാസി സഭ കോട്ടൂളി പനാത്തുതാഴത്ത് ‘ഹോം ഓഫ് ലവ്’ എന്ന വയോജന സ്ഥാപനം തുടങ്ങിയത്. നൂറോളം അന്തേവാസികളാണ് ഇന്ന് ഇവിടെയുള്ളത്.
ഹോം ഓഫ് ലൗവിന്റെ പുതിയ കെട്ടിടത്തിന് 2003ലാണ് തറക്കല്ലിട്ടത്. 2005 നവംബർ 16ന് കെട്ടിടം ഉദ്ഘാടനം ചെയ്തു.
ക്രിസ്തുദാസി സമൂഹത്തിന്റെ ജനറലേറ്റ് ആസ്ഥാനം കോട്ടൂളിയിലേക്ക് മാറി. 2007ൽ വിരമിച്ച ശേഷം കോട്ടൂളിയിലെ വൃദ്ധമന്ദിരത്തിലേക്കു വരണമെന്ന് ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ആഗ്രഹിച്ചിരുന്നു.
എന്നാൽ ചികിത്സയടക്കമുള്ളവയുടെ സൗകര്യത്തിനായാണ് തൃശൂരിൽ താമസമൊരുക്കിയത്.
2023ൽ ആണ് മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി മാർ തൂങ്കുഴി ആഘോഷിച്ചത്. ഇതോടനുബന്ധിച്ച് സ്വന്തം ഇടവക ആയ തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ 2023 ഫെബ്രുവരി 13ന് അദ്ദേഹം കൃതജ്ഞത ബലി അർപ്പിച്ച് വചന സന്ദേശവും നൽകിയിരുന്നു.
പ്രാർഥനയുടെ ശക്തിയും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയും ആണ് 93–ാം വയസ്സിലും തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പിതാവിന്റെ അന്ത്യകർമങ്ങൾക്ക് വേദിയാവുന്നത് ക്രിസ്തുദാസി സമൂഹത്തിന്റെ കോട്ടൂളിയിലെ ചാപ്പലിലാണ്.
∙ വൈദിക പദവിയിൽ 69 വർഷം, മെത്രാൻ പദവിയിൽ 52 വർഷം
മാനന്തവാടി മെത്രാനായി 22 വർഷവും താമരശ്ശേരി മെത്രാനായി ഒന്നര വർഷവും പ്രവർത്തിച്ച ശേഷമാണ് മാർ തൂങ്കുഴി തൃശൂർ ആർച്ച് ബിഷപ്പായി നിയമിക്കപ്പെട്ടത്.
തൃശൂരിലേക്കു പോകാൻ തനിക്ക് അൽപം ആശങ്ക ഉണ്ടായിരുന്നതായി അദ്ദേഹം തന്നെ പറഞ്ഞിരുന്നു. കുണ്ടുകുളം പിതാവിന്റെ വലിയ വ്യക്തിത്വത്തിനു പിന്നാലെയെത്തി തൃശൂരിൽ പിടിച്ചു നിൽക്കാനാകുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇക്കാര്യങ്ങൾ സൂചിപ്പിച്ചു പേപ്പൽ ഡെലിഗേറ്റ് നൂൺഷ്യോയ്ക്കു കത്തയച്ചു. പക്ഷേ മറുപടി അനുകൂലമായിരുന്നില്ല.
രണ്ടും കൽപിച്ച് പ്രാർഥനയോടെ തൃശൂരിലേക്കു മാറി. എന്നാൽ അദ്ദേഹത്തിന്റെ ആശങ്കകൾ അസ്ഥാനത്തായിരുന്നു.
വൈദികരും വിശ്വാസി സമൂഹവും ഏറെ സ്നേഹത്തോടെയാണ് മാർ തൂങ്കുഴിയെ ഉൾക്കൊണ്ടത്.
സ്നേഹം കൊടുക്കുന്നതിൽ പിശുക്കില്ലാത്ത തൃശൂരുകാർ തൂങ്കുഴി പിതാവിനെ നെഞ്ചിലേറ്റി. 2007-ൽ വിരമിച്ച ശേഷം താൻ സ്ഥാപിച്ച ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ കോഴിക്കോട്ടുള്ള വൃദ്ധ സദനത്തിൽ താമസിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
എന്നാൽ തൃശൂരുകാർ അദ്ദേഹത്തെ അവിടെനിന്നും വിട്ടില്ല. വിനീതനും സ്നേഹ സമ്പന്നനുമായ മാർ തൂങ്കുഴി പിതാവിന്റെ സാന്നിധ്യം അവർ എന്നും ആഗ്രഹിച്ചു.
അങ്ങനെയാണ് തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിൽ അദ്ദേഹത്തിന് അവർ മനോഹരമായ വസതി ഒരുക്കിയതും.
പാലാ വിളക്കുമാടം സ്വദേശിയായ അദ്ദേഹം സെമിനാരിയിൽ ചേർന്നത് ചങ്ങനാശ്ശേരി രൂപതയിലായിരുന്നു. പിന്നീട് ശെമ്മാശൻ ആയി തലശ്ശേരി രൂപതയിലേക്ക്.
തലശ്ശേരി രൂപതയിലെ വൈദികനായി റോമിൽ വച്ച് തിരുപ്പട്ട സ്വീകരണം.
തലശ്ശേരിയിലെ ശുശ്രൂഷകൾക്ക് ശേഷം മാനന്തവാടി രൂപത രൂപം കൊള്ളുമ്പോൾ അവിടത്തെ ആദ്യ ബിഷപ്. 22 വർഷങ്ങൾക്ക് ശേഷം താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ് ആയി നിയമനം.
1.5 വർഷത്തിനുശേഷം തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ് ആയി നിയമിക്കപ്പെട്ടു.10 വർഷത്തിനു ശേഷം ആർച്ച് ബിഷപ് പദവിയിൽ നിന്ന് വിരമിച്ചു.
മലബാർ മേഖലയിലെ ഇടയനായി ദൈവ ജനത്തെ നയിക്കുകയും പരിപാലിക്കുകയും ചെയ്ത മാർ ജേക്കബ് തൂങ്കുഴിയുടെ അജപാലന കർമ കാണ്ഡം ഏറെ ശ്രേഷ്ടവും ശ്രദ്ധാർഹവും ആയിരുന്നു. യാക്കോബ് ശ്ലീഹായുടെ തീഷ്ണതയോടെ ആത്മീയ രംഗത്ത് പ്രവർത്തിച്ച മാർ ജേക്കബ് തൂങ്കുഴിയുടെ പേര് മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ആയിരുന്നു.
സ്കൂളിൽ അദ്ദേഹത്തിന്റെ പേര് ചാക്കോ എന്നായിരുന്നു. ചങ്ങനാശ്ശേരി സെമിനാരിയിൽ ചേർന്നപ്പോൾ അന്നത്തെ വൈസ് റെക്ടർ ആയിരുന്ന സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ആയിരുന്നു ചാക്കോ എന്നതു മാറ്റി ജേക്കബ് എന്ന് ചേർത്തത്.
പാലാ വിളക്കുമാടത്തെ കുര്യൻ റോസ ദമ്പതികളുടെ എട്ടു മക്കളിൽ നാലാമനാണ് മാർ ജേക്കബ് തൂങ്കുഴി.
സഹോദരങ്ങൾ: അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ), സിസ്റ്റർ ബെർട്ടില്ല തൂങ്കുഴി, ഡോ.ലൂസി തലോടി (യുഎസ്എ), പരേതരായ അച്ചാമ്മ കട്ടക്കൽ (തിരുവമ്പാടി), മാത്യു (കുഞ്ഞേട്ടൻ) തൂങ്കുഴി (തിരുവമ്പാടി), പെണ്ണമ്മ തകിടിയേൽ (പാലാ), ലില്ലിക്കുട്ടി നരിതൂക്കിൽ (എലിക്കുളം).
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]