ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമർപ്പിച്ച പഠന റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ശൈത്യകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ എന്നിവ ഒരുമിച്ച് നടത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഏറെനാളായി മോദി സർക്കാർ മുന്നോട്ടുവച്ചിരുന്ന ആശയമായിരുന്ന ഇത്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കൂടുകയും അതിലൂടെ രാജ്യ പുരോഗതിക്ക് വിഘാതമാകുമെന്നുമായിരുന്നു പദ്ധതി നടപ്പാക്കാൻ കേന്ദ്രം പറയുന്ന ന്യായം. ഇക്കാര്യം മോദിതന്നെ പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു.
രണ്ടാം മോദിസർക്കാരിന്റെ കാലത്താണ് ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന സംവിധാനത്തെക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിലാണ് സമിതി റിപ്പോർട്ടുനൽകിയത്.
ആദ്യഘട്ടമെന്ന നിലയിൽ ലോക്സഭകളിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ബിൽ ആക്കി മാറ്റാൻ കടമ്പകൾ ഏറെയുണ്ട്. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഘടകകക്ഷികളുടെ ഉൾപ്പെടെ പിന്തുണ ആവശ്യമാണ്. ഇത് നേടിയെടുക്കുകയാണ് പ്രധാന കടമ്പ. എന്നാൽ കേന്ദ്രസർക്കാർ ഇതിൽ ഏറക്കുറെ വിജയിച്ചുകഴിഞ്ഞു. തുടർന്നാണ് റിപ്പോർട്ടിന് അംഗീകാരം നൽകിയത്.