തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്കരിക്കുകയാണ് ചെയ്തതെന്ന് സാമൂഹ്യമാധ്യമമായ എക്സില്‍ ചിത്രം സഹിതം വ്യാജ പ്രചാരണം. കമ്മ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുകയാണെന്ന് പറഞ്ഞാണ് ട്വീറ്റുകള്‍. എന്താണ് ഇതിന്റെ വസ്തുത എന്ന് വിശദമായി പരിശോധിക്കാം.
പ്രചാരണം
‘കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെയാണ് ഇന്ത്യന്‍ ഹിന്ദുക്കളെ വിഡ്ഢികളാക്കുന്നത് എന്ന് നോക്കൂ. ഹിന്ദു പേരുള്ള, സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവായ യെച്ചൂരിയെ ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് സംസ്കരിച്ചത്’- എന്നുമാണ് ഒരു ട്വീറ്റിലുള്ളത്. ‘സീതാറാം യെച്ചൂരി ഹിന്ദുവായിരുന്നോ? അല്ല, അദേഹത്തെ ശവപ്പെട്ടിയില്‍ കിടത്തിയിരിക്കുന്നത് കാണൂ. യെച്ചൂരി ക്രിപ്റ്റോ ക്രിസ്ത്യനാണ്. ഇതാണ് സഖാക്കളുടെ യഥാര്‍ഥ മുഖം’- എന്നും പറഞ്ഞാണ് മറ്റൊരു ട്വീറ്റ്. സമാന രീതിയില്‍ സീതാറാം യെച്ചൂരി ക്രിസ്ത്യനാണ് എന്ന് പറയുന്ന മറ്റ് നിരവധി ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും കാണാം. അവയുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
വസ്തുത
എന്നാല്‍ സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്കരിച്ചതായുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണം വ്യാജമാണ്. യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ദില്ലി എയിംസിന് വിട്ടുനല്‍കുകയാണ് ചെയ്തത്. യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ചുവടെയുള്ള ലിങ്കില്‍ വിശദമായി വായിക്കാം.
സീതാറാം യെച്ചൂരി ഇനി ഓർമ; വിട നൽകി രാജ്യം; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി
സീതാറാം യെച്ചൂരിയെ കുറിച്ചുള്ള പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ വസ്തുതയും പരിശോധിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റായിരുന്ന യെച്ചൂരിയുടെ മൃതദേഹം ജെഎന്‍യു ക്യാംപസില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോഴുള്ള ചിത്രമാണ് അദേഹം ക്രിസ്ത്യനാണെന്ന് ആരോപിക്കുന്ന പോസ്റ്റുകളില്‍ ചേര്‍ത്തിരിക്കുന്നത്.
നിഗമനം
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്കരിക്കുകയാണ് ചെയ്തതെന്ന സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Read more: ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തിയോ? വീഡിയോ പ്രചാരണത്തിന്റെ സത്യമറിയാം- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം