
കൊച്ചി: പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക അടയ്ക്കണമെന്ന നോട്ടീസില്‍ കിട്ടിയെന്നുള്ള പരാതിയില്‍ മന്ത്രിയുടെ ഇടപെടല്‍. കൊച്ചി കോർപ്പറേഷൻ ഡിവിഷൻ 67 മാർക്കറ്റ് റോഡ് ജംഗ്ഷനിലെ പെട്ടിക്കടയുടെ വാടക കുടിശിക ഒഴിവാക്കി തരണമെന്ന അപേക്ഷയുമായാണ് കോമ്പാറ തണ്ടാശ്ശേരി പറമ്പിൽ ദേവകി അച്യുതൻ തദ്ദേശ അദാലത്തിൽ എത്തിയത്.
2016 മുതൽ 2023 വരെ ആരോഗ്യ പ്രശ്നങ്ങളാൽ കട തുറക്കാൻ സാധിച്ചിരുന്നില്ല. ഈ കാലയളവിലെ വാടക പിഴപ്പലിശയും ജിഎസ്ടിയും ഉൾപ്പെടെ 2,12,872 രൂപ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടും ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കിതരണമെന്നും ബാക്കി തുക ഗഡുക്കളായി അടച്ചുതീർക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ദേവകി അദാലത്തിലെത്തിയത്.
അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ദേവകിയോട് പരാതികൾ വിശദമായി ചോദിച്ചറിയുകയും ലഭ്യമായ വിധത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പുനൽകി. കോർപ്പറേഷൻ കൗൺസിൽ വിഷയം പരിഗണിച്ച് ഉചിതമായ ഇളവുകൾ അനുവദിക്കുകയും ആവശ്യമെങ്കിൽ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാനും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ ഇടപെട്ട് സമയ ബന്ധിതമായി പ്രശ്നത്തിന് പരിഹാരം കാണാനും മന്ത്രി കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.
അതേസമയം, എറണാകുളം ജില്ലാ തദ്ദേശ അദാലത്തിലേക്ക് ഓണ്‍ലൈനായി ലഭിച്ച 81.88 ശതമാനം പരാതികളിലും അനുകൂലമായ പരിഹാരം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മുൻകൂട്ടി സമർപ്പിച്ചതും നേരിട്ട് എത്തിയതും ഉൾപ്പെടെ 262 പരാതികളാണ് ആദ്യ ദിവസം അദാലത്തിൽ തീർപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടക്കുന്ന തദ്ദേശ അദാലത്തിൽ ആദ്യത്തേതാണ് എറണാകുളത്ത് നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]