മലയാള സിനിമയുടെ ഇതിഹാസ താരം മമ്മൂട്ടി തന്റെ അഭിനയജീവിതത്തിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി രചിച്ചിരിക്കുകയാണ്. 2025 – 26 കാലയളവിൽ അവിസ്മരണീയമായ നേട്ടങ്ങൾ കൈവരിച്ച താരം, തന്റെ 74 -ാം വയസിൽ നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് അർഹനായി.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ തീക്ഷ്ണമായ പ്രകടനമാണ് അദ്ദേഹത്തെ വീണ്ടും രാജ്യത്തെ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. ചിത്രത്തിൽ കൊടുമൺ പോറ്റിയായും ചാത്തനായും മമ്മൂട്ടി കാഴ്ചവെച്ച അഭിനയമികവ് നിരൂപകരുടെയും പ്രേക്ഷകരുടെയും വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഈ നേട്ടത്തോടെ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചന് ഒപ്പമെത്താൻ അദ്ദേഹത്തിന് സാധിച്ചു. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിന് നേരത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
ദേശീയ പുരസ്കാരങ്ങളുടെ ചരിത്രം
ഇന്ത്യൻ സിനിമയുടെ നെറുകയിൽ 1989 ലാണ് മമ്മൂട്ടി ആദ്യമായി ഇടംപിടിക്കുന്നത്. ‘മതിലുകൾ’, ‘ഒരു വടക്കൻ വീരഗാഥ’ എന്നീ ചിത്രങ്ങളിലൂടെ 1989 ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദേശീയ പുരസ്കാര നേട്ടം.
തുടർന്ന് 1993 ൽ ‘പൊന്തൻമാട’, ‘വിധേയൻ’ എന്നീ ചിത്രങ്ങളിലൂടെ രണ്ടാമതും, 1998 ൽ ‘ഡോ. ബാബാസാഹേബ് അംബേദ്കർ’ എന്ന ചിത്രത്തിലൂടെ മൂന്നാമതും അദ്ദേഹം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും ദേശീയ തലത്തിൽ ഈ ബഹുമതി തേടിയെത്തുന്നത്.
പത്മഭൂഷൺ ബഹുമതിയും സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾക്കിടയിലേക്കാണ് ഈ ദേശീയ പുരസ്കാര നേട്ടവും എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

