കേരളത്തിലെ മഴക്കുറവും തമിഴ്നാട്ടിലെ ജലക്ഷാമവും വരാനിരിക്കുന്ന ഓണവിപണിയെ സാരമായി ബാധിക്കുമെന്ന് ആശങ്ക. കമ്പം, തേനി, മധുര തുടങ്ങി തമിഴ്നാട്ടിലെ പ്രധാന കൃഷിഭൂമികളിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് കൃഷിപ്പണികൾ താളം തെറ്റിയ അവസ്ഥയിലാണ്.
ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമികൾ ഉഴുതിട്ടിട്ടുണ്ടെങ്കിലും ജലസേചനത്തിനുള്ള സൗകര്യങ്ങൾ പരിമിതമായതാണ് കർഷകർക്ക് വിനയാകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് തമിഴ്നാട്ടിലെ ജലവിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഇതോടെ കമ്പം മേഖലയിലെ തോടുകളും ചെക്ക് ഡാമുകളും വറ്റിവരണ്ടു. മുല്ലപ്പെരിയാറിൽ നിന്ന് ജലം ലഭിക്കുന്ന വൈഗ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ 68 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
72 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 25 അടിയോളം വെള്ളം മാത്രമാണുള്ളത്. കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമാണ് നിലവിൽ വെള്ളം ഒഴുക്കിവിടുന്നത്.
മുൻവർഷങ്ങളിൽ ഈ സമയത്ത് ഡാമിൽ കൂടുതൽ ജലനിരപ്പ് ഉണ്ടായിരുന്നതിനാൽ ഷട്ടറുകൾ തുറന്നിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി കമ്പം ശീലയംപെട്ടി മേഖലയിൽ വ്യാപകമായി പൂ കൃഷി നടത്തിയിരുന്നെങ്കിലും വെള്ളത്തിന്റെ അഭാവത്തിൽ ഇവ നശിച്ചുതുടങ്ങി.
പൂക്കൾക്ക് പകരം പച്ചക്കറി കൃഷി ചെയ്യാൻ കർഷകർ ഭൂമി തയ്യാറാക്കിയെങ്കിലും, ജലലഭ്യത ഉറപ്പില്ലാത്തതിനാൽ വിത്തിടാൻ കഴിയുന്നില്ല. നിലവിൽ കുഴൽക്കിണറുകളെ ആശ്രയിച്ചാണ് പലരും കൃഷി സംരക്ഷിക്കുന്നത്.
എന്നാൽ, ചെറുകിട കർഷകർക്ക് ഇത്തരത്തിൽ വെള്ളം ലഭ്യമാക്കാനുള്ള സൗകര്യങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ ഓണക്കാലത്ത് പച്ചക്കറികൾക്കും പൂക്കൾക്കും വിപണിയിൽ വൻ വിലക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കർഷകരുടെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

