
സെന്റ് ലൂസിയ: ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണയിക്കാനുള്ള അവസാന പോരാട്ടത്തില്‍ 104 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിക്കോളാസ് പുരാന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന് 16.2 ഓവറില്‍ 114 റണ്‍സിന് പുറത്തായി. വിന്‍ഡീസിനായി 53 പന്തില്‍ 98 റണ്‍സടിച്ച നിക്കോളാസ് പുരാനാണ് കളിയിലെ താരം. ജയത്തോടെ സി ഗ്രൂപ്പില്‍ എട്ട് പോയന്റുമായി വിന്‍ഡീസ് ഒന്നാമതെത്തി. ആറ് പോയന്റുള്ള അഫ്ഗാനും നേരത്തെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയിരുന്നു. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 218-5, അഫ്ഗാനിസ്ഥാന് 16.2 ഓവറില്‍ 114ന് ഓള് ഔട്ട്.
ഈ ടൂർണമെന്റിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് തുടക്കത്തിലെ അടിതെറ്റി. മികച്ച ഫോമിലുള്ള ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ(0) ആദ്യ ഓവറില്‍ തന്നെ അക്കീല്‍ ഹൊസൈന്‍ മടക്കി. ഇബ്രാഹിം സര്‍ദ്രാനും(38), ഗുല്‍ബാദിന്‍ നൈബും(7) ചേര്‍ന്ന് പവര്‍ പ്ലേയില്‍ അഫ്ഗാനെ 45 റണ്‍സിലെത്തിച്ചെങ്കിലും നൈബിനെ മോട്ടിയും സര്‍ദ്രാനെ ഒബേദ് മക്കോയിയും വീഴ്ത്തിയതോടെ അഫ്ഗാന് പതറി. അസ്മത്തുള്ള ഒമര്‍സായി(23) പൊരുതി നോക്കിയെങ്കിലും നജീബുള്ള സര്‍ദ്രാനും(0), മുഹമ്മദ് നബിയും(1), കരീം ജന്നത്തും(14) നിരാശപ്പെടുത്തിയപ്പോള്‍ 11 പന്തില്‍ 18 റണ്‍സെടുത്ത നായകന് റാഷിദ് ഖാന്റെ പോരാട്ടമാണ് അഫ്ഗാനെ 100 കടത്തിയത്. വിന്‍ഡീസിനായി ഒബേദ് മക്കോയ് 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മോട്ടി 28 റണ്‍സിനും അക്കീല്‍ ഹൊസൈന്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. 53 പന്തില്‍ ആറ് ഫോറും എട്ട് സിക്സറും സഹിതം 98 റണ്‍സെടുത്ത നിക്കോളാസ് പുരാനാണ് ടോപ് സ്കോറര്‍. സെഞ്ചുറിക്കായുള്ള ഓട്ടത്തിനിടെ ഇന്നിംഗ്സിലെ അവസാന ഓവറിലെ നാലാം പന്തില്‍ പുരാന് ബൗണ്ടറിയില്‍ നിന്നുള്ള അസ്മത്തുള്ളയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. ജോണ്സണ് ചാള്‍സ്(27 പന്തില്‍ 43), ഷായ് ഹോപ്പ്(17 പന്തില്‍ 25), റൊവ്മാന്‍ പവല്‍(15 പന്തില്‍ 26), എന്നിവരും വിന്‍ഡീസിനായി തിളങ്ങി. അഫ്ഗാനുവേണ്ടി ഗുല്‍ബാദിന്‍ നൈബ് രണ്ട് വിക്കറ്റെടുത്തു.
Last Updated Jun 18, 2024, 9:36 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]