സ്ഥാനമേറ്റ് ലിയോ പതിനാലാമൻ മാർപാപ്പ, കോഴിക്കോട് തീപിടിത്തം, ഭീകരതയ്ക്കെതിരായ പ്രചാരണത്തിന് 59 പേർ– പ്രധാന വാർത്തകൾ
സ്നേഹത്തിന്റെ സുവിശേഷം പങ്കുവച്ച് റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റത് ഇന്നത്തെ മുഖ്യ വാർത്തയായി. ഹൈദരാബാദിൽ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ വെന്തു മരിച്ചതും കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വസ്ത്രശാലയിൽ തീപിടിത്തമുണ്ടായതും ഇന്ന് വേദനിപ്പിക്കുന്ന വാർത്തകളായി.
പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതും ഇന്നത്തെ മുഖ്യ വാർത്തകളിലൊന്നായി. വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും. ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണം.
ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് തലവനായുള്ള ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ വത്തിക്കാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാൻ നടത്തുന്ന ഭീകരതയെ തുറന്നുകാട്ടാൻ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഏഴ് സംഘങ്ങളിലായി 59 പേരാണ് വിവിധ രാജ്യങ്ങൾ സന്ദർശിക്കുക. എൻഡിഎയിൽ നിന്ന് 31 പേരും മറ്റ് മുന്നണികളിൽ നിന്ന് 20 പേരും സംഘത്തിൽ ഉണ്ട്.
ബാക്കിയുള്ളവർ നയതന്ത്ര മേഖലയിലെ ഉദ്യോഗസ്ഥരാണ്. മേയ് 23ന് ആരംഭിക്കുന്ന പര്യടനത്തിന്റെ ഭാഗമായി പ്രതിനിധി സംഘങ്ങൾ 32 രാജ്യങ്ങളിൽ സന്ദർശനം നടത്തും.
ബെൽജിയത്തിലെ ബ്രസ്സൽസിലുള്ള യൂറോപ്യൻ യൂണിയൻ ആസ്ഥാനവും സംഘം സന്ദർശിക്കും. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വസ്ത്ര വ്യാപാരശാലയിൽ തീപിടിത്തം.
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് ഇത് മറ്റുള്ള കടകളിലേക്കും പടരുകയായിരുന്നു.
രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീയണയ്ക്കാൻ ആയിട്ടില്ല. പാക്കിസ്ഥാനിലെ ലഷ്കറെ തയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും കശ്മീരില് നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു.
നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്കു നിയമിച്ചിരിക്കുന്നതെന്നു സഖ്യകക്ഷി നേതാവായ ലോറാ ലൂമർ പറഞ്ഞു.. ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 6.30 ഓടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
റേഷൻ കാർഡ് ഉടമകൾക്ക് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയാറാക്കിയ ശുപാർശ ധനവകുപ്പ് നിരസിച്ചു. സർക്കാരിനു ബാധ്യതയില്ലാതെ ഡീലർമാർക്കു വാഹനവാടക ഉൾപ്പെടെയുള്ള കൈകാര്യച്ചെലവും റേഷൻ വ്യാപാരികൾക്കു കമ്മിഷൻ വർധനയും ഉൾപ്പെടുത്തിയുള്ള ശുപാർശയാണു ധനവകുപ്പ് വെട്ടിയത്.
ഇതോടെ കേന്ദ്ര സർക്കാർ കൂടുതൽ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കേരളത്തിൽ ഏറ്റെടുത്തു വിതരണം ചെയ്യാനുള്ള സാധ്യത മങ്ങി. ആദ്യ ക്വാർട്ടറിൽ അനുവദിച്ച 56.76 കിലോ ലീറ്റർ (56.76 ലക്ഷം ലീറ്റർ) വിഹിതം ഏറ്റെടുത്ത് ജൂൺ 30ന് അകം വിതരണം ചെയ്തില്ലെങ്കിൽ പാഴാകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]