
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ കുറിപ്പ്; സ്വകാര്യ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച സ്വകാര്യ സർവകലാശാല അസോഷ്യേറ്റ് പ്രഫസറെ അറസ്റ്റ് ചെയ്തു. യുവമോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അശോക സർവകലാശാലയിലെ അധ്യാപകനായ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വസതിയിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. സോണിപത്തിലെ അശോക രാഷ്ട്രമീമാംസ വിഭാഗത്തിന്റെ തലവനാണ് അലി ഖാൻ മഹ്മൂദാബാദ്.
മേയ് എട്ടിനാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അലി ഖാൻ സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വനിതാ ഓഫിസർമാരായ കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരെ ഉൾപ്പെടുത്തിയതിനെ കുറിച്ചായിരുന്നു കുറിപ്പ്. വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ നടപടി മികച്ച മാതൃകയാണെങ്കിലും വലതുപക്ഷ നിരീക്ഷകർ കേണൽ സോഫിയയെ ആഘോഷിക്കുന്നത് കാപട്യമാണെന്നായിരുന്നു അലി ഖാന്റെ വിമർശനം.
അലി ഖാന്റെ പരാമർശത്തിനെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. മേയ് 15 ന് ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലി ഖാൻ 15 ന് ഹാജരായിരുന്നില്ല.