
ബെംഗളൂരു: വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരുവിലാണ് സംഭവം. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വധുവിന്റെ കഴുത്തിൽ താലി ചാർത്തിയ ഉടനായിരുന്നു 25 വയസ് മാത്രം പ്രായമുള്ള വരൻ ഹൃദയാഘാതം മൂലം മരിച്ചത്. അപ്രതീക്ഷിതമായ സംഭവത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജംഖണ്ഡി ടൗണിൽ ശനിയാഴ്ചയായിരുന്നു വിവാഹം. ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. താലി കെട്ടിയതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം വരൻ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ നിലത്ത് വീഴുകയുമായിരുന്നുവെന്ന് വിവാഹത്തിനെത്തിയവര്‍ പറയുന്നു.
കുഴഞ്ഞുവീണ ഉടൻ തന്നെ മാതാപിതാക്കൾ അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഡോക്ടർമാർ പ്രവീൺ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണം സംബന്ധിച്ച കൂടുതൽ വിവങ്ങൾ ഇതിന് ശേഷം മാത്രമേ വ്യക്തമാകൂ.
യുവാക്കളിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ ദുരന്തമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ മധ്യപ്രദേശിൽ ഒരു വിവാഹ ചടങ്ങിലെ സംഗീത പരിപാടിയിൽ നൃത്തം ചെയ്യുകയായിരുന്ന 23 കാരിയായ യുവതി ഹൃദയാഘാതം മൂലം വേദിയിൽ വച്ച് മരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉത്തർപ്രദേശിലെ അലിഗഡിലുള്ള സ്കൂളിൽ കായിക മത്സരത്തിന് വേണ്ടി ഓട്ടം പരിശീലിക്കുന്നതിനിടെ 14 വയസ്സുകാരൻ ഹൃദയാഘാതം മൂലം മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]