
ഇടുക്കി:സുഹൃത്തുക്കൾക്കൊപ്പമുള്ള ട്രിപ്പിനിടെ 23കാരൻ വീണത് 70 അടി താഴ്ചയിലേക്ക്. അഗ്നിരക്ഷാ സേനയുടെ കരുതലിൽ സാംസണ് പുതുജീവൻ. വണ്ണപ്പുറത്തിന് സമീപം കോട്ടപ്പാറയിൽ വ്യൂ പോയിന്റിൽ നിന്ന് 70 അടി കൊക്കയിലേക്ക് വീണ യുവാവിനെ തൊടുപുഴ അഗ്നിരക്ഷാ സേനയാണ് രക്ഷപെടുത്തിയത്. വണ്ണപ്പുറം ചീങ്കൽസിറ്റി അറക്കത്തോട്ടത്തിൽ സാംസൺ ജോർജ് ( 23 ) നെയാണ് രക്ഷിച്ചത്. സാംസൺ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കൾ കോട്ടപ്പാറ വ്യൂ പോയിന്റ് സന്ദർശിക്കാൻ എത്തിയതായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച് നിൽക്കുന്നതിനിടെ സാംസൺ 70 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. 23കാരൻ അപകടത്തിൽപ്പെട്ടത് സുഹൃത്തുക്കളാണ് വണ്ണപ്പുറം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്. ഇന്ന് പുലർച്ചെ 3.30 ഓടെ യുവാവ് കൊക്കയിൽ വീണ വിവരം പൊലീസിനും പിന്നീട് ഫയർ ഫോഴ്സ് അധികൃതർക്കും ലഭിക്കുന്നത്. 3.45 ന് സ്ഥലത്തെത്തിയ തൊടുപുഴ ഫയർ ഫോഴ്സ് സേനാംഗങ്ങൾ ഒരു കിലോ മീറ്ററോളം ദൂരം ഇടുങ്ങിയ നടപ്പാതയിലൂടെ സാഹസികമായി യാത്ര ചെയ്താണ് അപകടം നടന്ന സ്ഥലത്തെത്തിയത്.
തുടർന്ന് ചെങ്കുത്തായ പാറയിലൂടെ റോപ്പ് ഉപയോഗിച്ച് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ 70 അടി താഴെ ഇറങ്ങി സാംസൻ്റെ അരികിൽ എത്തുകയായിരുന്നു. പിന്നീട് കുറച്ച് പേർ 40 അടിയോളം താഴ്ചയിലും നിലയുറപ്പിച്ചു. തുടർന്ന് പരുക്കേറ്റയാളെ നെറ്റ് ഉപയോഗിച്ച് മുകളിൽ എത്തിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വീഴ്ചയുടെ ആഘാതത്തിൽ കൈയ്ക്കും കാലിനും ദേഹമാസകലം ഉരഞ്ഞ് തൊലിപോയി പരുക്കേറ്റ സാംസനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ സീനിയർ ഫയർ ആൻ്റ് റസ്ക്യു ഓഫീസർ പി.ടി അലക്സാണ്ടർ, ഫയർ ഓഫീസർമാരായ വിപിൻ എ. തങ്കപ്പൻ, അനിൽ നാരായണൻ, ഷിബിൻ ഗോപി, എസ്. ശരത്, ടി.കെ. വിനോദ്, കെ.ആർ. പ്രമോദ്, വിപിൻ ജയിംസ്, സി.എസ് എബി, ബി.ആഷിഖ്, പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]