
കൊൽക്കത്ത: വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾ സംഘർഷമായി മാറിയ പ്രദേശങ്ങൾ ഇന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് സന്ദർശിക്കും. മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഗവർണറുടെ സന്ദർശനം. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയോഗിച്ച സംഘം സംഘർഷബാധിത പ്രദേശമായ മാൾഡയിലെത്തി.
വിശദ വിവരങ്ങൾ ഇങ്ങനെ
പശ്ചിമബംഗാൾ സർക്കാരിന്റെയും ത്രിണമൂൽ കോൺഗ്രസിന്റെയും കടുത്ത അതൃപ്തിക്കിടെയാണ് ബംഗാൾ ഗവർണർ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത്. സംഘർഷ ബാധിത പ്രദേശമായ മാൾഡാ ഇന്ന് ഗവർണർ സന്ദർശിക്കും. മാൽഡയിലെ സ്ഥിതിഗതികൾ പഠിച്ചശേഷം പാലായനം ചെയ്ത ഹിന്ദുക്കളുമായി ഗവർണർ സംസാരിക്കും. നാളെ മുർഷിദാബാദും സന്ദർശിക്കുമെന്നാണ് വിവരം. കലാപത്തിൽ ഇരയാക്കപ്പെട്ടവർക്ക് വേണ്ടി കഴിയുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് നേരത്തെ ഗവർണർ പ്രഖ്യാപിച്ചിരുന്നു.
സന്ദർശനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം താൻ അവിടെ സന്ദർശനം നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. അതേസമയം ഗവർണറുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണെന്ന് ത്രിണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമിച്ച സംഘവും ഇന്ന് ബംഗാൾ സന്ദർശിക്കും. മാൾഡയിലെയും മുർഷിദാബാദിലെയും സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷന് മുന്നിൽ സംഘം ഉടൻതന്നെ റിപ്പോർട്ട് സമർപ്പിക്കും. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മുർഷിദാബാധിൽ കേന്ദ്രസേനയുടെ കാവൽ തുടരണമെന്ന് കൽക്കത്ത ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]