പട്ന: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ കണ്ണ് കാണാതായെന്ന് കുടുംബം. എലി കരണ്ടതെന്ന് ആശുപത്രി അധികൃതർ. വിവാദം. പട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം. ഫന്തൂഷ് എന്നയാളുടെ കുടുംബമാണ് മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാനില്ലെന്ന പരാതിയുമായി പ്രതിഷേധിച്ചത്. ആശുപത്രി അധികൃതർ അവയവം അനുവാദം കൂടാതെ നീക്കിയെന്ന വീട്ടുകാരുടെ ആരോപണത്തിന് പിന്നാലെ മൃതദേഹത്തിൽ നിന്ന് കണ്ണ് എലി കരണ്ടതാവാം എന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചത്.
നവംബർ 14ന് അജ്ഞാതരുടെ വെടിയേറ്റാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 15 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിനെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ വെള്ളിയാഴ്ച രാത്രി ഇയാൾ മരിക്കുകയായിരുന്നു. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം രാത്രിയിൽ ഐസിയു ബെഡിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്.
ശനിയാഴ്ച രാവിലെയാണ് യുവാവിന്റെ ഇടത് കണ്ണ് കാണാനില്ലെന്ന് കുടുംബം കണ്ടെത്തുന്നത്. യുവാവിനെ കിടത്തിയ കിടക്കയ്ക്ക് സമീപത്ത് നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ വിശദമാക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് വിശദമാക്കി.
മൃതദേഹത്തിൽ നിന്ന് കണ്ണ് ആരെങ്കിലും നീക്കിയതാണോയെന്നും എലി കരണ്ടതാണോയെന്നതും സംഘം പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വിശദമാക്കി. സംഭവത്തിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]