
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പിടികിട്ടാപ്പുള്ളിയാണെന്ന കാര്യം ജനങ്ങൾക്കോ പോലീസിനോ അറിയില്ലെങ്കിലും ദുബായ് നഗരത്തിലൂടെ നടന്നാൽ പിടിവീഴും. നിർമിത ബുദ്ധി സംവിധാനമുള്ള പരിശോധന വാഹനങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ദുബായ് പോലീസ്.
വിസ കാലാവധി കഴിഞ്ഞവരോ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരോ ആണെങ്കിലും രേഖകൾ പരിശോധിക്കാതെ തന്നെ ഇതുവഴി പോലീസിന് വിവരം കിട്ടും.
ദുബായ് വേൾഡ് സെൻട്രലിൽ നടന്നുവരുന്ന ദുബായ് എയർഷോ 2023 ൽ ദുബായ് പോലീസ് ഈ വാഹനം പ്രദർശിപ്പിച്ചു.
മുഖവും വാഹനത്തിന്റെ നമ്പർ പ്ലേറ്റും സ്കാൻ ചെയ്ത് ആളുകളെ തിരിച്ചറിഞ്ഞ് ഉടൻ പോലീസിന് വിവരം കൈമാറാനുള്ള എഐ സാങ്കേതിക വിദ്യയുള്ള വാഹനമാണിത്.
ആവശ്യമെന്ന് തോന്നുന്ന പക്ഷം മാത്രമാണ് അധികൃതരെ എ.ഐ വിവരം അറിയിക്കുക. പൂർണമായും യന്ത്രസഹായത്തോടെ സ്വയംപ്രവർത്തിക്കുന്ന എഐ ടെക്നോളജി സജ്ജീകരിച്ച വാഹനമാണിത്. നഗരത്തിലെ റോഡുകളും തെരുവുകളും കൂടുതൽ സുരക്ഷിതമാക്കാൻ ഇതിലൂടെ കഴിയുമെന്നും ദുബായ് പോലീസ് കരുതുന്നു.
നഗരത്തിൽ ജനങ്ങൾ കൂടുതലുള്ള ഭാഗങ്ങളിൽ വാഹനം പര്യടനം നടത്തുകയും പോലീസിന് കണ്ടെത്തേണ്ട വ്യക്തികളെക്കുറിച്ചും രജിസ്റ്റർ ചെയ്യാത്ത കാറുകളെക്കുറിച്ചും അധികൃതരെ അറിയിക്കുകയും ചെയ്യും.
വിസ കാലാവധി കഴിഞ്ഞവരും ഇതിന്റെ മുന്നിൽ പെട്ടാൽ കുടുങ്ങും. ഫേഷ്യൽ, കാർ നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ടെക്നോളജിയുള്ള 360 ഡിഗ്രി ക്യാമറയാണ് ഇതിന്റെ പ്രധാന സവിശേഷത.
സദാസമയവും ജനങ്ങളെ നിരീക്ഷിക്കുക, തിരിച്ചറിയുക എന്നിവയാണ് മോഷൻ ഡിറ്റക്ടറുള്ള ഇവയുടെ പ്രധാന ജോലി.
സംശയാസ്പദമായ വാഹനങ്ങൾ കണ്ടാൽ പോലീസിനെ അറിയിക്കുകയും ചെയ്യും. ഓരോ പ്രദേശത്തും നിശ്ചിത എണ്ണം ഇത്തരം പോലീസ് വാഹനങ്ങൾ വിന്യസിക്കുന്നതിലൂടെവാഹന പരിശോധന ആയാസരഹിതമാക്കാനും സുരക്ഷ ഉറപ്പു വരുത്താനും സാധിക്കുമെന്ന് ദുബായ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
തുടർച്ചയായി 16 മണിക്കൂർ വരെ ഈ യന്ത്രം വിശ്രമമില്ലാതെ ജോലി ചെയ്യും. മൈക്രോപോളിസ് റോബോട്ടിക്സുമായി സഹകരിച്ച് യുഎഇയിൽ നിർമിച്ച ഈ യന്ത്രത്തിന് M-O2 എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ബന്ധപ്പെട്ട അധികൃതർ ഏതാനും വർഷങ്ങളായി ഇതിന്റെ നിർമാണത്തിനു പിന്നിൽ പ്രവർത്തിക്കുകയും പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയും ചെയ്തുവരികയാണ്.
പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം നിരത്തുകളിലിറങ്ങും.
എന്നു മുതലാണ് ഇവ റോഡുകളിൽ ഇറങ്ങുകയെന്ന് പറയാൻ ഇപ്പോൾ കഴിയില്ലെങ്കിലും അധികം വൈകാതെ M-O2 ജോലിക്കിറങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പട്രോളിംഗ് സംവിധാനത്തിൽ ഇത് വിപ്ലവം സൃഷ്ടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബായ്. പൗരൻമാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമെല്ലാം നഗരം സുരക്ഷിത സങ്കേതമായി നിലനിർത്തുന്നതിനാണ് ദുബായ് പോലീസ് നിരന്തരം നവീകരിക്കുകയും കൃത്രിമ ബുദ്ധി പോലുള്ള സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നത്.