തിരുവനന്തപുരം ∙
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ചു കൊണ്ടു നില്ക്കുന്ന ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നു പറയുന്നതെന്നും അതു വിരോധാഭാസമായി മാത്രമേ കാണാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് ആ സ്കൂളില്‍ പഠിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്തുകൊണ്ടാണ് കുട്ടി സ്കൂള്‍ വീട്ടു പോകുന്നത് എന്നത് പരിശോധിക്കേണ്ടതാണ്.
അതിന് കാരണക്കാരായവര്‍ തീര്‍ച്ചയായും സര്‍ക്കാരിനോട് മറുപടി പറയേണ്ടിവരുമെന്നും ശിവൻകുട്ടി പറഞ്ഞു.
‘‘കുട്ടിക്ക് മാനസിക സംഘര്‍ഷത്തിന്റെ പേരില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരാവാദി സ്കൂള്‍ അധികാരികള്‍ ആയിരിക്കും. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ദേശീയ വിദ്യാഭ്യാസ നിയമങ്ങളും ഉണ്ട്.
അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ വിദ്യാഭ്യാസം ചെയ്യാന്‍ കഴിയുകയുള്ളൂ. കഴിഞ്ഞ ഒരാഴ്ചയായി ആ കുട്ടി അനുഭവിക്കുന്ന മാനസികപ്രയാസം എത്രമാത്രമാണ്.
അങ്ങനെ ഒരു കൊച്ചു മോളോട് പെരുമാറാന്‍ പാടുണ്ടോ. അവിടെ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ട
പ്രശ്നമാണ് വഷളാക്കി കൊണ്ടുപോകുന്നത്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും ആ കുട്ടിക്ക് വിദ്യാഭ്യാസം ചെയ്യാന്‍ സംരക്ഷണം കൊടുക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.
വേറെ ഏതെങ്കിലും കാര്യം പറഞ്ഞുകൊണ്ടൊന്നും അതിന്റെ വിഷയത്തെ മാറ്റാന്‍ പരിശ്രമം നടത്തേണ്ട
കാര്യമില്ല. ധിക്കാരത്തോടെയാണ് പിടിഎ പ്രസിഡന്റ് സംസാരിച്ചത്.
സ്കൂളിന്റെ അഭിഭാഷക പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ ഉണ്ടായിരുന്ന ഒരു കുട്ടിയാണ്. അവര്‍ക്ക് സ്കൂളിന്റെ കാര്യം പറയാനുള്ള അവകാശമൊന്നുമില്ല.
കോടതിയില്‍ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നുള്ളതാണ്. സ്കൂളിന് അനുമതി നല്‍കുന്നതിനെക്കുറിച്ചും അംഗീകാരം പിന്‍വലിക്കുന്നതിനെക്കുറിച്ചുമാണ് കെഇആര്‍ 5-ാം അധ്യായം റൂള്‍ 11 പറയുന്നത്.
അതൊന്നും നമ്മള് ഒരിക്കലും നടപ്പാക്കിയിട്ടില്ല. ഏതെങ്കിലും ഒരു മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് ഭരണം നടത്താന്‍ നോക്കിയാല്‍ അത് നടക്കുന്ന കാര്യമല്ല.
കേരളത്തില്‍ അങ്ങനെ ഒരു കീഴ്വഴക്കവും ഇല്ല. അതുകൊണ്ട് ഇനിയെങ്കിലും ആ കുട്ടിയെ വിളിച്ച് പ്രശ്നം സംസാരിച്ച് തീര്‍ക്കണം.
പരാതിയെ തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ മാനേജ്മെന്റിന്റെ ഭാഗത്തു ചില കുറവുകള്‍ കണ്ടെത്തിയിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരത്തിനു നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. കര്‍ണാടകത്തില്‍ ഉണ്ടായ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ കുറെ കേസുകള്‍ പരിഗണനയിലാണ്.
അതില്‍ തീരുമാനം ഉണ്ടായിട്ടല്ല. അതുകൊണ്ട് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല.
സ്കൂളിന്റെ യൂണിഫോം നമുക്ക് മാറ്റാന്‍ പറ്റില്ല. എല്ലാവരുമായും ആലോചിച്ച് യൂണിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം കൊടുത്താല്‍ പ്രശ്നം തീര്‍ക്കാമല്ലോ എന്നാണ് പറഞ്ഞത്. ഇവിടെ ശിരോവസ്ത്രം ധരിച്ചു നില്ക്കുന്ന ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാന്‍ പാടില്ല എന്നു പറഞ്ഞത്.
അതിനെ വിരോധാഭാസമായിട്ട് മാത്രമേ കാണാന്‍ കഴിയൂ. പ്രശ്നത്തിനു പരിഹാരം കണ്ടെത്തി സ്കൂളില്‍ അന്തരീക്ഷം സമാധാനം ഉണ്ടാക്കാന്‍ കഴിയണം.
വാശിയും വൈരാഗ്യവും മാറ്റിവച്ചിട്ട് കുട്ടിയെ കൂടെ സ്കൂളില്‍ ഉള്‍ക്കൊണ്ടുകൊണ്ട് പഠിക്കുന്നതിനു വേണ്ട സംവിധാനം ചെയ്യുകയായിരിക്കും നല്ലത്’’ – ശിവൻകുട്ടി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

