
ദില്ലി: ദില്ലി മദ്യനയ കേസിൽ ആംആദ്മി പാർട്ടിയെ പ്രതിചേർക്കുന്നത് ആലോചനയിലാണെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് ആലോചന. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേയാണ് ഇക്കാര്യം ഇഡി കോടതിയെ അറിയിച്ചത്.
അതേസമയം മദ്യ നയ കേസിൽ പ്രധാനമായി ഇടപെട്ടത് മനീഷ് സിസോദിയയും വിജയ് നായരുമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു. അഴിമതി പണം വെളുപ്പിക്കാൻ സിസോദിയ നേരിട്ട് ഇടപെട്ടെന്നാണ് ഇഡിയുടെ വാദം. 11 മാസമായി സിസോദിയ ഉപയോഗിച്ച ഫോൺ ദില്ലി ലഫ് ഗവർണർ സിബിഐക്ക് പരാതി കൈമാറിയ അന്ന് നശിപ്പിച്ചെന്നും ആ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇഡി വാദിച്ചു. ഇത് തെളിവ് നശിപ്പിക്കാനാണെന്നും ഇഡി കോടതിയെ ധരിപ്പിച്ചു.
ദില്ലി സർക്കാർ സ്വകാര്യ കമ്പനികൾക്ക് അമിത ലാഭമുണ്ടാക്കാനാണ് മദ്യനയം മാറ്റിയതെന്നും ഇതുമൂലം ലാഭം 5 ശതമാനത്തിൽനിന്നും 12 ശതമാനമായി ഉയർന്നെന്നും ഇഡി വാദിച്ചു. പുതിയ മദ്യനയം കാരണം ജനങ്ങൾ കൂടുതൽ പണം നൽകേണ്ടതായി വന്നുവെന്നും ഇഡി കോടതിയെ അറിയിച്ചു. അതേസമയം കഴിഞ്ഞതവണ മനീഷ് സിസോദിയ സമർപ്പിച്ച ജാമ്യപേക്ഷയിലെ വാദം കേൾക്കുന്നതിനിടയിൽ ചില സുപ്രധാനചോദ്യങ്ങൾ ഇഡിയോട് സുപ്രീം കോടതി ചോദിച്ചിരുന്നു. വിജയ് നായരാണ് മദ്യനയ കേസിലെ ഇടപാടുകൾ നടത്തിയതെങ്കിൽ മനീഷ് സിസോദിയ എങ്ങനെ പ്രതിയാകുമെന്ന ചോദ്യമായിരുന്നു അതിൽ പ്രധാനപ്പെട്ടത്. കേസിലെ പ്രതിയായ വ്യക്തിയുടെ മൊഴിയല്ലാതെ മനീഷ് സിസോദിയക്കെതിരെ മറ്റു തെളിവുകളുണ്ടോ എന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. മനീഷ് സിസോദിയ എവിടെങ്കിലും ഇടപ്പെട്ടതിന് തെളിവുണ്ടോയെന്നും പിഎംഎൽഎ ചുമത്തിയത് എങ്ങനെയാണെന്നും കോടതി ഇഡിയോട് അന്ന് ചോദിച്ചിരുന്നു.
മദ്യനയക്കേസിൽ ആദ്യം ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. അതേസമയം മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പിന്നീട് പരിഗണിച്ച ദില്ലി ഹൈക്കോടതി സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ചിരുന്നു.
Last Updated Oct 16, 2023, 6:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]