
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് മറ്റ് പാർട്ടികളെയും പരിഗണിക്കണമെന്ന് സിപിഐ. ബിജെപിയെ തോൽപിക്കുകയെന്നതാണ് ആദ്യ ലക്ഷ്യമെന്നും കോൺഗ്രസ് ഇക്കാര്യം സീറ്റ് വിഭജനത്തിലടക്കം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. എന്നാൽ ‘ഇന്ത്യ’ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ച നീണ്ടേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നിയമ സഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ധാരണയിലെത്താമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
അതേസമയം പ്രാരംഭചർച്ചകളിൽ നാല്പത് സീറ്റുള്ള ബിഹാറില്‍ ഭൂരിപക്ഷം സീറ്റുകള്‍ ജെഡിയുവും ആര്‍ജെഡിയും പങ്കിട്ട ശേഷം ബാക്കി വരുന്നത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ കോണ്‍ഗ്രസിന് നല്‍കാമെന്ന ഫോര്‍മുലയാണ് തേജസ്വിയാദവ് മുന്നോട്ട് വച്ചത്. മഹാരാഷ്ട്രയിലെ 48 സീറ്റുകള്‍ തുല്യമായി വീതിക്കാമെന്ന ഫോര്‍മുല ചര്‍ച്ചയിലുണ്ടെങ്കിലും ,ചില സീറ്റുകളില്‍ കോണ്‍ഗ്രസും, ശിവസേന ഉദ്ധവ് താക്കറേ വിഭാഗവും ഒരു പോലെ അവകാശവാദം ഉന്നയിക്കാനിടയുണ്ട്. ദില്ലി, പഞ്ചാബ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും, ആംആദ്മി പാര്‍ട്ടിയും ധാരണയിലെത്തേണ്ടതുണ്ട്.
സ്പെയിനില്‍ നിന്ന് മമത ബാനര്‍ജി മടങ്ങിയെത്തിയ ശേഷം സീറ്റ് വിഭജന ചര്‍ച്ചയിലേക്ക് കടക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുമ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസും, സിപിഎമ്മുമായി ധാരണയിലെത്തുക കടമ്പയായിരിക്കും.നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷം ധാരണയാകാമെന്ന കോണ്‍ഗ്രസ് നിലപാട് കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാനുള്ള നീക്കമാണ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, തെലങ്കാന എന്നിവിടങ്ങളില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേകള്‍ പ്രവചിക്കുന്നത്.
Last Updated Sep 16, 2023, 7:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]