
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ പ്രധാന പുരസ്കാരങ്ങളെല്ലാം ആടുജീവിതത്തിന് കിട്ടിയതിൽ സന്തോഷമെന്ന് സംവിധായകൻ ബ്ലെസി. ഹക്കിം ആയി അഭിനയിച്ച ഗോകുലിന് അവാർഡ് കിട്ടിയതാണ് ഏറെ സന്തോഷമുള്ള കാര്യം. സിനിമയുടെ പാട്ടുകൾ പരിഗണിക്കാതെ പോയതിൽ വിഷമമുണ്ട്. എ ആർ റഹ്മാനായിരുന്നു ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയത്. വിഷമമുണ്ട്, എന്നാൽ ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്ലെസി കൊച്ചിയിൽ പറഞ്ഞു.
പ്രേക്ഷകന്റെ മനമറിഞ്ഞെന്ന പോലൊരു പുരസ്കാര പ്രഖ്യാപനമായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡെന്നാണ് പൊതുവിലുളള വിലയിരുത്തൽ. മലയാളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ആടുജീവിതം ഒരുക്കിയ ബ്ലെസി മികച്ച സംവിധായകനായി. 9 പുരസ്കാരങ്ങളാണ് ആടുജീവിതം വാരിക്കൂട്ടിയത്. നജീബായുളള അഭിനയ മികവിന് പൃഥ്വിരാജിന് മികച്ച നടനുളള പുരസ്കാരം ലഭിച്ചു. അതിജീവനവും നിസഹായതയും ഉൾക്കൊണ്ട്, ശരീരം മെരുക്കിയുള്ള അഭിനയപാടവത്തിനാണ് പൃഥ്വിരാജിന് അംഗീകാരം.
ഉള്ളൊഴുക്കിലൂടെ ഉര്‍വശിയും തടവിലൂടെ ബീന ആര് ചന്ദ്രനും മികച്ച നടിമാരായി. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ആൻ ആമി മികച്ച ഗായിക. ഒരേ ഗാനത്തിലൂടെ ഹരീഷ് മോഹൻ മികച്ച ഗാനരചയിതാവും ജസ്റ്റിൻ വർഗീസ് മകച്ച സംഗീത സംവിധായകനുമായി. സംഗീത് പ്രതാപാണ് മികച്ച ചിത്രസംയോജകൻ.
ഇരട്ട ഇരട്ട നേട്ടം കൊയ്തു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഇരട്ടയ്ക്കാണ്. രോഹിത് എം.ജി.കൃഷ്ണനാണ് മികച്ച തിരക്കഥാകൃത്ത്. 2018നും രണ്ട് അവാർഡുകളുണ്ട്. തടവിലൂടെ ഫാസിൽ റസാഖാണ് മികച്ച നവാഗത സംവിധായകൻ. സുധീര്‍ മിശ്ര ചെയര്‍മാനായ ജൂറിയാണ് അന്‍പത്തിനാലാമത് ചലച്ചിത്ര പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]