ദില്ലി:വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവ് കുമാര്‍ പറഞ്ഞു. 47 ഇടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടൻ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കലാവസ്ഥയടക്കമുള്ള ഘടകങ്ങൾ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
നിയമസഭകളുടെ കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന ജമ്മു കശ്മീരിലും ഹരിയാനയിലുമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരില്‍ മൂന്നു ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച കമ്മീഷന്, സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യത്തില്‍ ബിജെപിക്കും എല്‍ഡിഎഫിനും അടക്കം കൂടുതല്‍ സമയം ലഭിക്കും. വയനാട്ടിലും റായ്ബറേലിയും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്തു നല്‍കിയതോടെയാണ് വയനാട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]