
സൂററ്റ്: പത്താംക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ16 വയസ്സുകാരി മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു. ഗുജറാത്തിലെ മോർബിയിൽ ബുധനാഴ്ചയാണ് സംഭവം. ഹീർ ഗെതിയ എന്ന പെൺകുട്ടിയാണ് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ബോർഡിൻ്റെ (ജിഎസ്ഇബി)പത്താം ക്ലാസ് പരീക്ഷാ ഫലം മേയ് 11നാണ് പ്രഖ്യാപിച്ചത്. പത്താം ക്ലാസ് പരീക്ഷയിൽ 99.70 ശതമാനം മാർക്ക് നേടിയാണ് ഹീർ ഗെതിയ ഉന്നതവിജയം കരസ്ഥമാക്കിയത്.
മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒരു മാസം മുമ്പ് രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയെങ്കിലും ഒരാഴ്ച മുമ്പ് അവൾക്ക് വീണ്ടും ശ്വാസതടസ്സവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും തുടങ്ങി. പെണ്കുട്ടിയെ വീണ്ടും ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ തലച്ചോറിൻ്റെ 80 മുതൽ 90 ശതമാനം വരെ പ്രവർത്തനം നിലച്ചതായി എംആർഐ റിപ്പോർട്ടിൽ കണ്ടെത്തി. ഹൃദയത്തിൻ്റെ പ്രവർത്തനവും നിലച്ചതിനെത്തുടർന്ന് ബുധനാഴ്ച ഹീർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ അവളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനായി മുന്നോട്ട് വരികയായിരുന്നു. പെൺകുട്ടിയുടെ കണ്ണുകളും ശരീരവും ദാനം ചെയ്തു കൊണ്ടാണ് മാതാപിതാക്കൾ മാതൃകയായത്. “ഹീറിന് ഒരു ഡോക്ടറാകാനാണ് ആഗ്രഹം. ഞങ്ങൾ അവളുടെ ശരീരം ദാനം ചെയ്തു. അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും,” അവളുടെ പിതാവ് പറഞ്ഞു.
Last Updated May 17, 2024, 8:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]