
പത്താം ക്ലാസിലെയും പ്ലസ് ടുവിന്റെയും പരീക്ഷാഫലം ആളുകൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കാറ്. എന്നാൽ, തമിഴ്നാട്ടിൽ നിന്നുള്ള ഈ കുടുംബത്തെ സംബന്ധിച്ച് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷാഫലം വന്നത് ഇരട്ടിമധുരവുമായിട്ടാണ്. അമ്മയും മകനും ഒരുമിച്ച് പത്താം ക്ലാസ് പരീക്ഷയിൽ ജയിച്ചിരിക്കുന്നു.
സി. നിത്യ എന്ന യുവതിയാണ് 17 വർഷത്തിന് ശേഷം പഠനം പുനരാരംഭിച്ചതും പത്താം ക്ലാസിലെ പരീക്ഷ എഴുതി ജയിച്ചതും. 9 -ാം ക്ലാസിൽ വച്ചാണ് നിത്യ പഠനം അവസാനിപ്പിച്ചത്. ഒരു വർഷത്തിന് ശേഷം അവളുടെ വിവാഹവും കഴിഞ്ഞു. അതോടെ പഠനം എന്നത് പൂർത്തീകരിക്കാനാവാത്ത ഒരു സ്വപ്നമായി മാറി അവൾക്ക്. എന്നാൽ, അടുത്തുള്ള പ്രൈമറി സ്കൂളിൽ ഭക്ഷണമുണ്ടാക്കുന്ന ജോലി കിട്ടിയതോടെ അവളുടെ ഉള്ളിൽ വീണ്ടും പഠിക്കാനുള്ള മോഹമുദിക്കുകയായിരുന്നു.
ഭർത്താവ് വിനായകവും മകൻ സന്തോഷും പൂർണ പിന്തുണയുമായി കൂടെ നിന്നതോടെ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ട് തന്നെ ബാക്കി കാര്യം എന്ന് നിത്യ ഉറപ്പിച്ചു. അങ്ങനെ, അടുത്തുള്ള കൃഷ്ണ ട്യൂട്ടോറിയൽസിൽ അവൾ വീക്കെൻഡ് ക്ലാസിന് ചേർന്നു. എങ്ങനെയെങ്കിലും പഠിച്ച് വിജയിക്കുക, സർക്കാർ ജോലി വാങ്ങുക അങ്ങനെ കുറേ സ്വപ്നങ്ങളുണ്ടായിരുന്നു നിത്യയ്ക്ക്. അങ്ങനെ, അവൾ പരമാവധി പരിശ്രമിച്ച് പഠിച്ചു.
ഒടുവിൽ പരീക്ഷയെഴുതി റിസൽട്ട് വന്നപ്പോൾ മകനൊപ്പം അവളും വിജയിച്ചു. കോവിലൂരിലെ വിആർസികെഎസ് സർക്കാർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു നിത്യയുടെ മകൻ സന്തോഷ്. നിത്യ 500 -ൽ 274 മാർക്ക് വാങ്ങിയപ്പോൾ മകൻ 300 മാർക്ക് വാങ്ങി. സയൻസിലും സോഷ്യൽ സയൻസിലും നിത്യ മകനേക്കാൾ കൂടുതൽ മാർക്ക് നേടിയാണ് വിജയിച്ചത്.
ഇനി 11, 12 ക്ലാസ് പരീക്ഷയെഴുതി വിജയിക്കണം എന്നാണ് നിത്യയുടെ ആഗ്രഹം. താനാ സ്വപ്നം പൂർത്തിയാക്കും എന്നും അവൾ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated May 16, 2024, 4:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]