
ദില്ലി: അഞ്ച് മാസത്തെ വാലിഡിറ്റിയില്‍ മികച്ചൊരു റീച്ചാര്‍ജ് പ്ലാനുമായി കഴിഞ്ഞ ദിവസം ബിഎസ്എൽഎൽ എത്തിയിരുന്നു. 397 രൂപയുടെ ഈ പ്ലാനിന് 150 ദിവസമാണ് വാലിഡിറ്റി. ഇന്ന് വിപണിയിലുള്ള ഒരു സ്വകാര്യ ടെലികോം കമ്പനിയും ഈ നിരക്കില്‍ ഇത്രയും വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഷോക്ക് നൽകി രണ്ട് 2 പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎൽ 1499 രൂപയും 2399 രൂപ പ്ലാനുകളുടെ വാലിഡിറ്റികൾ കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഈ പ്ലാനുകളുടെ വാലിഡിറ്റി 30 ദിവസത്തേക്കാണ് കമ്പനി കുറച്ചത്. ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ പ്ലാൻ നേരത്തെ 425 ദിവസത്തെ വാലിഡിറ്റിയോടെയായിരുന്നു വന്നിരുന്നത്. ഇപ്പോൾ അതിന്റെ വാലിഡിറ്റി 395 ദിവസമായി കുറച്ചതായി ടെലികോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ഈ പ്ലാൻ ഇപ്പോഴും ഉപയോക്താക്കൾക്ക് ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ ഗുണങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്നു. പ്ലാനിൽ നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസും പരിധിയില്ലാത്ത കോളിംഗും ലഭിക്കും. ഈ വിലയ്ക്ക് മറ്റൊരു ടെലിക്കോം കമ്പനിയും ഇത്രയും നീണ്ട വാലിഡിറ്റിയും ഡാറ്റയും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് പ്രത്യേകത.
ബിഎസ്എൻഎല്ലിന്റെ 1499 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റിയും കുറച്ചിട്ടുണ്ട്. മുമ്പ്, ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്ലാൻ 336 ദിവസത്തേക്ക് മാത്രമെ ലഭിക്കുകയുള്ളൂ. പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസും പരിധിയില്ലാത്ത കോളിംഗും ലഭിക്കും. ഇന്റർനെറ്റ് ഉപയോഗത്തിനായി ഈ പ്ലാനിൽ നിങ്ങൾക്ക് ആകെ 24 ജിബി ഡാറ്റ ലഭിക്കും. ഈ രണ്ട് പ്ലാനുകളിലും കമ്പനി അധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4G സേവനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. 2025 ജൂൺ അവസാനത്തോടെ, ഇന്ത്യയിലുടനീളം ഒരുലക്ഷം 4G സൈറ്റുകൾ സജീവമാക്കുക എന്ന ലക്ഷ്യം ബിഎസ്എൻഎൽ പൂർത്തിയാക്കുമെന്നും തുടർന്ന് 5G റോൾഔട്ടിലേക്ക് നീങ്ങും എന്നുമാണ് പ്രതീക്ഷിക്കുന്നത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഈ നീക്കം സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]