

ഈ വഴി യാത്ര നടത്തുന്നവർ ശ്രദ്ധിക്കുക…; മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ റോഡിന്റെ വശങ്ങളില് കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ക്കൂന അപകടക്കെണിയാകുന്നു ; അപകടങ്ങൾ നിത്യ സംഭവമാകുന്ന കാഴ്ച ; ഗതാഗതക്കുരുക്ക് രൂക്ഷം ; അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോസ്വേ ജംഗ്ഷനില്‍ ബൈപാസ് ആരംഭിക്കുന്നിടത്തു റോഡിന്റെ വശങ്ങളില് കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ക്കൂന അപകടങ്ങള്‍ സൃഷ്ടിക്കുന്നു.കോസ്വേ ജംഗ്ഷനില്‍നിന്നു തിരിഞ്ഞ് ബൈപാസിലേക്കു കയറുന്ന റോഡിന്റെ വശത്താണ് മെറ്റല്‍ റോഡില്‍ നിരന്നു കിടക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ അടക്കം വളവുതിരിയുമ്ബോള് ഇവിടെ അപകടത്തില്‍പ്പെടുന്നതു പതിവായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ രണ്ടു സ്കൂട്ടറുകളാണ് റോഡിലേക്കു നിരന്നുകിടക്കുന്ന മെറ്റലില്‍ കയറി അപകടത്തില്‍പ്പെട്ടത്. ബൈപാസിനോട് ചേർന്നു മണിമലയാറ്റിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പ്രളയത്തില്‍ തകർന്ന സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള ഹൈഡ്രോളജി ഡിപ്പാർട്ട്മെന്റ് മുണ്ടക്കയം ഡിവിഷന്റെ കീഴിലാണ് നിർമാണം നടക്കുന്നത്. നാളുകള്ക്കുമുമ്ബ് തുടങ്ങിയ നിർമാണ പ്രവർത്തനം ഇതുവരെ പൂർത്തിയായിട്ടില്ല. ഇവിടേക്ക് എത്തിച്ച മെറ്റലും മണലും മറ്റു നിർമാണ സാമഗ്രികളും റോഡിന്റെ വശത്ത് കൂടിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. വഴി പരിചയമില്ലാതെ രാത്രിയിലെത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
ഒരേസമയം രണ്ടു വാഹനങ്ങള്‍ എത്തുമ്ബോള്‍ റോഡിന്റെ വശത്തു വച്ചിരിക്കുന്ന നിർമാണ സാമഗ്രികള്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷ ദിവസങ്ങളില്‍ മുണ്ടക്കയം ടൗണിലും കോസ്വേ പാലത്തിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
റോഡിന്റെ വശങ്ങളില് അനധികൃതമായി കൂട്ടിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികള്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുവാനിടയാക്കുന്നു. കൂടാതെ റോഡിന്റെ വശങ്ങളിലൂടെ നടന്നു പോകുന്ന കാല്‍നട യാത്രക്കാരുടെമേല്‍ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ മെറ്റല്‍ ഇളകിത്തെറിക്കുന്നതും പതിവ് സംഭവമാണ്. ഇത് അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്. അടിയന്തരമായി മെറ്റല്‍ക്കൂനകള്‍ മാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]