
ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശന്തുറൈ തുറമുഖത്തേയ്ക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് മാറ്റിവെച്ചു. അനുമതി ലഭിക്കുന്നതിൽ കാലതാമസം നേരിട്ടതിനാലാണ് സർവീസ് മാറ്റിവെച്ചത്. ഈ മാസം 12ന് സർവീസ് പുനരാരംഭിക്കാൻ ഫെറി ഓപ്പറേറ്റർ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നീണ്ടുപോകുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും വടക്കുകിഴക്കൻ മൺസൂൺ സജീവമാകുകയും ചെയ്തതിനാൽ കഴിഞ്ഞ വർഷം നവംബർ 15ന് ട്രിച്ചി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ശുഭാം ഫെറി നാഗപട്ടണത്തിനും കാങ്കേശന്തുറൈക്കും ഇടയിലുള്ള ഫെറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കുകയായിരുന്നു.
ഫെബ്രുവരി 12 ബുധനാഴ്ച മുതൽ ഫെറി സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രവർത്തനത്തിനുള്ള സാങ്കേതിക സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഓപ്പറേറ്റർ അത് മാറ്റിവെച്ചു. ഈ മാസത്തിനുള്ളിൽ സർവീസ് പുനരാരംഭിക്കുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കമ്പനിയുടെ പ്രതിനിധി അറിയിച്ചിട്ടുണ്ട്. ഒരേസമയം 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ഫെറിക്ക് ശേഷിയുണ്ട്. ഫെറി രാവിലെ 7.30 ന് നാഗപട്ടണത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാവിലെ 11.30 ന് കാങ്കേശന്തുറൈയിൽ എത്തും. കാങ്കേശന്തുറൈയിൽ നിന്ന് ഉച്ചയ്ക്ക് 1.30 ന് മടക്കയാത്ര ആരംഭിച്ച് വൈകുന്നേരം 5.30 ന് നാഗപട്ടണത്ത് എത്തും. 4,000 മുതൽ 4,500 വരെയാണ് ഒരു ടിക്കറ്റിന് നിരക്ക്. നാല് പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം 2023 ഒക്ടോബറിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ സർവീസ് അവതരിപ്പിച്ചത്.
READ MORE: ക്ലൗഡ് ബെഡും പശ്ചിമഘട്ടവും ഒറ്റ ഫ്രെയിമിൽ; വിസ്മയ ഭൂമിയിലേയ്ക്ക് ഒരു യാത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]